പാലക്കാട്: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായി ഒരാള്‍ അറസ്റ്റിലായി . മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ഹബീബ് (35) ആണ് പിടിയിലായത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരഎക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ് 4.250 കിലോഗ്രം തൂക്കവും 25 സെന്റിമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്റരോളം നീളവും ഉളള ഇരുതലമൂരി പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്നും മലപ്പുറത്തേക്കാണ് കടത്തിയത്. അവിടെ നിന്നും വിദേശത്തേക്ക് കടത്താനാണ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നല്‍കി
രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തില്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ട്രെയിന്‍ മാര്‍ഗമുളള വന്യജീവി കടത്തിനെക്കുറിച്ച് ആര്‍പിഎഫ് ഇന്റലിജന്‍സ് ബ്രാഞ്ചിന് മൂന്നുമാസം മുമ്പേ വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശാനുസരണം പാലക്കാട് ആര്‍പിഎഫ് കാമാന്‍ഡന്റ് ജെതിന്‍ ബി രാജിന്റെ നേതൃത്വത്തിലാണ് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടന്നത്.