തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഹാന്‍ഡെക്‌സിന് സര്‍ക്കാര്‍ 10 കോടി രൂപയുടെ സഹായം അനുവദിച്ചു. ഹാന്‍ഡെക്‌സിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുക, ആയിരക്കണക്കിന് നെയ്‌തുകാര്‍ക്ക് വരുമാനം ഉറപ്പാക്കുകഎന്നിവ ലക്ഷ്യമിട്ടാണ് ധനസഹായം അനുവദിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ വിപണന മേഖല തകരുകയും ഹാന്‍ഡെക്‌സിന്റെ വാര്‍ഷിക വരുമാനം പകുതിയിലേറെ കുറയുകയും നെയ്‌ത്തുകാര്‍ക്ക തൊഴില്‍ ദിനങ്ങളില്‍ വന്‍ ഇടിവുണ്ടാവുകയും ചെയ്‌തിരുന്നു.
ഇതേ തുടര്‍ന്ന് വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഹാന്‍ഡെക്‌സ് സമര്‍പ്പിച്ച പുനരുദ്ധാരണ പദ്ധതി അംഗീകരിച്ചാണ് സഹായം. പ്രവര്‍ത്തന രഹിതമായ തറികളില്‍ ഉല്‍പ്പാദനം ആരംഭിക്കാനുളള പ്രവര്‍ത്തന മൂലധനം, ഹാന്‍ഡെക്‌സ് അടച്ചുതീര്‍ക്കാനുളള പി.എഫ്, ഈ.എസ്.ഐ കുടിശിക തീര്‍ക്കല്‍, വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണം എന്നിവക്കാണ് തുക ചെലവഴിക്കുക.
വിദേശ നിര്‍മിത മെഷീനുകളുടെ സഹായത്തോടെ ഹാന്‍ഡെക്‌സ് പുറത്തിറക്കുന്ന ‘റോയല്‍ മിന്റ് ‘ഷര്‍ട്ടുകള്‍ ഇതിനകം തരംഗമായിട്ടുണ്ട്. മാസം 10,000 ഷര്‍ട്ടുകളുടെ ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പുതിയ ഗാര്‍മെന്റ് യൂണിറ്റുകളിലൂടെ മാത്രം 20 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 86 ഷോറൂമുകളിലൂടെയാണ് ഇവ വിറ്റഴിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്‌ചകളില്‍ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കൈത്തറി വിപണിക്ക് ഉണര്‍വ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിപുലമാക്കാനും മൊബൈല്‍ വില്‍പ്പന യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.