കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷം: പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിനോടാനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വകുപ്പുകളുടെ സംയോജനത്തിലൂടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗുണഫലങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത തദ്ദേശസ്വയംഭരണ കേഡറിനെക്കുറിച്ച് സംസ്ഥാനത്തെ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്‍ ഉൾപ്പെടെയുള്ള വിവിധ സമിതികൾ സൂചിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥരേയും ജീവനക്കാരേയും ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള സേവനമാണ് പ്രാദേശിക സര്‍ക്കാറുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനകീയമായ പുതിയൊരു സര്‍വ്വീസ് സംസ്‌കാരമാണ് നവകേരളത്തിന് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്തുകള്‍ക്കാണ് സ്വരാജ്, മഹാത്മട്രോഫി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കായണ്ണ, നൊച്ചാട്, പനങ്ങാട് ഗ്രാമപഞ്ചായത്തുകളാണ് മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹരായത്. സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയ വളയം ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പെരുമണ്ണ, മരുതോങ്കര ഗ്രാമപഞ്ചായത്തുകള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. 

രാവിലെ 10 മണി മുതല്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍ ‘നവകേരളം കര്‍മ്മ പരിപാടി’ എന്ന വിഷയം അവതരിപ്പിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത അദ്ദേഹം അവിടങ്ങളിലെല്ലാം ഒരു ജനാധിപത്യ – മതേതര ഇടം രൂപപ്പെട്ടിട്ടുണ്ടെന്നു വിലയിരുത്തി. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ കേരളത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളെല്ലാം മറികടന്നുകൊണ്ടു നവകേരളം സൃഷ്ടിക്കുന്നതിനു എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോര്‍പറേഷന്‍ അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി. കെ. നാസര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ച സെമിനാറില്‍ പ്രൊഫ. പി. ടി. അബ്ദുള്‍ ലത്തീഫ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

രണ്ടാമത്തെ സെമിനാറില്‍ ‘സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ്’ എന്ന വിഷയം കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. പി. ബാബു, ജില്ലാ ആസൂത്രണ സമിതി പ്രതിനിധി എ. സുധാകരന്‍ തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ചു സംസാരിച്ചു. ജില്ലാ ടൗണ്‍ പ്ലാനര്‍ ആയിഷ നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →