വയനാട്ടിലെ കല്ലമ്പലങ്ങൾ പൊളിക്കുന്നതിനിടെ പുരാതന വി​​​ഗ്രഹം കണ്ടെത്തി

കൽപ്പറ്റ: നൂറ്റാണ്ടുകൾ പഴക്കമുള്ള പനമരത്തെ കല്ലമ്പലങ്ങളായ ജനാർദനഗുഡിയുടെയും വൈഷ്ണവഗുഡിയുടെയും പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നതിനിടെ ശ്രീകോവിൽ പൊളിച്ചപ്പോൾ പുരാതനവിഗ്രഹം കണ്ടെത്തി. ഈ ക്ഷേത്രങ്ങള്‍ കേന്ദ്ര പുരാവസ്തുവകുപ്പ് ഏറ്റെടുത്തിരുന്നു . വിഗ്രഹം ശാസ്ത്രീയ പരിശോധനക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അരയടിയോളം വലുപ്പം വരുന്ന വിഷ്ണു വിഗ്രഹമാണ് ലഭിച്ചതെന്നാണ് വിവരം. പുനരുദ്ധാരണ പ്രവൃത്തികൾക്കായി ജനാർദനഗുഡി പൊളിച്ചു നീക്കുന്നതിനിടെ 2022 ഫെബബ്രുവരി 13 ഞായറാഴ്ച ഉച്ചയോടെയാണ് പഴക്കംചെന്ന വിഗ്രഹം കിട്ടിയത്. കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂർ സർക്കിൾ സൂപ്രണ്ട് മൂർത്തേശ്വരി, ജൂനിയർ കൺസർവേഷൻ അസിസ്റ്റന്റ് പി.വി. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. പൊതുജനങ്ങൾ ക്ഷേത്രത്തിനകത്തേക്ക് കടക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പൊളിക്കൽ പ്രവൃത്തി നിർത്തിവെച്ചിരുന്നു. ക്രമീകരണങ്ങൾ പൂർത്തിയായതോടെ താത്കാലികമായി നിർത്തിവെച്ച പ്രവൃത്തികൾ തിങ്കളാഴ്ച പുനരാരംഭിച്ചു.

അടുത്ത ദിവസം പുരാവസ്തു ഗവേഷകർ സ്ഥലത്തെത്തി ശ്രീകോവിലിന്റെ അടിത്തറയിലെ മൂന്നടിയോളം താഴ്ചയിലുള്ള മണ്ണ് നീക്കം ചെയ്ത് പരിശോധിക്കും. മണ്ണിനടിയിൽ ഇനിയും വിഗ്രഹങ്ങളോ നാണയങ്ങളോ ഉണ്ടോ എന്നാണ് പരിശോധിക്കുക. വിഗ്രഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നൽകുമെന്ന് ജൂനിയർ കൺസർവേഷൻ അസിസ്റ്റന്റ് പി.വി. ഷാജു അറിയിച്ചു.

കഴിഞ്ഞ ഒമ്പതിനാണ് കല്ലമ്പലം പൊളിച്ചു നീക്കാൻ തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികൾ ക്രെയിനിന്റെ സഹായത്തോടെ കല്ലുകൾ ഓരോന്നായി പൊളിച്ചെടുത്ത് നമ്പറിട്ട ശേഷം ക്ഷേത്രത്തിന് പിറകിൽ അടുക്കിവെക്കുന്ന പ്രവൃത്തികളായിരുന്നു തുടങ്ങിയത്. കൽത്തൂണുകളും കൂറ്റൻ കരിങ്കൽ പാളികളും ഉപയോഗിച്ച് നിർമിച്ച ജനാർദനഗുഡി ഈ ആഴ്ചയോടെ പൂർണമായും പൊളിച്ചു നീക്കാൻ സാധിക്കുമെന്നാണ് പുരാവസ്തുവകുപ്പിന്റെ വിലയിരുത്തൽ. മുഴുവനായും പൊളിച്ചു നീക്കിയ ശേഷം പൂർവസ്ഥിതിയിൽ ക്ഷേത്രം പുതുക്കിപ്പണിയാനാണ് പദ്ധതി.

അതിപുരാതന ചരിത്രശേഷിപ്പുകളുള്ള രണ്ട് കല്ലമ്പലങ്ങളാണ് പഴമ ചോരാതെ പുതുക്കിയെടുക്കുന്നത്. പുഞ്ചവയൽ-നീർവാരം റോഡരികിലുള്ള ജനാർദനഗുഡിയും, പനമരം-നടവയൽ റോഡിലെ കായക്കുന്ന് പുത്തങ്ങാടിയിലെ വിഷ്ണു ഗുഡിയും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ സ്മരാകമായി പ്രഖ്യാപിച്ചതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലമ്പലങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പൗരാണികത നഷ്ടപ്പെടുത്താതെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അധികൃതർ നടപ്പാക്കി കൊണ്ടിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →