തിരുവനന്തപുരം: യുഎഇയിൽനിന്ന് വിതരണത്തിനായി കൊണ്ടുവന്ന ഖുർആൻ കോപ്പികൾ തിരിച്ചേൽപ്പിക്കുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ . പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുർആന്റെ ആയിരത്തോളം കോപ്പികളാണ് തിരിച്ചേൽപ്പിക്കുന്നത്. അത് ഞാൻ വിതരണം ചെയ്താൽ ഏറ്റുവാങ്ങിയവർ വിവിധ ഏജൻസികളാൽ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യതതള്ളിക്കളയാനാവില്ല. ആർക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാൻ എനിക്കൊട്ടും താൽപര്യമില്ലെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വഖഫ്-ഹജ്ജ് മന്ത്രിയെന്ന നിലയിലാണ് യുഎഇ ഭരണകൂടം നൽകിയ ഖുർആൻ കോപ്പികൾ സ്വീകരിച്ചത്. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് യുഡിഎഫും ബിജെപിയും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നെന്നും ജലീൽ വ്യക്തമാക്കി. എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ യു എ ഇ കോൺസുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണർക്ക് രണ്ട് മെയിലുകൾ അയച്ചിരുന്നു. അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
അത്തരം ഒരു സാഹചര്യത്തിലാണ് ഖുർആൻ കോപ്പികൾ അവർക്ക് തന്നെ തിരിച്ച് നൽകാൻ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. ഖുർആന്റെ മറവിൽ ഞാൻ സ്വർണം കടത്തി എന്ന് നിയമസഭയിൽ പ്രസംഗിച്ച ലീഗ് നേതാവ് കെ എം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെയെന്നും ജലീൽ വ്യക്തമാക്കി.

