റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്‍.ജെ.ഡി. അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ശിക്ഷാവിധി 21-നു പ്രഖ്യാപിക്കും.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ അഞ്ചെണ്ണത്തിലാണു ലാലുവിനെ പ്രതിചേര്‍ത്തിരുന്നത്. കാലിത്തീറ്റ ഇടപാടിനായി ദൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.5 കോടി രൂപ പിന്‍വലിച്ച കേസിലാണ് അദ്ദേഹം കുറ്റക്കാരനാണെന്നു സി.ബി.ഐ. പ്രത്യേക കോടതി ഇന്നലെ പ്രഖ്യാപിച്ചത്. നേരത്തേ നാലു കേസുകളിലായി 14 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹം നിലവില്‍ ജാമ്യത്തിലാണ്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ 1991 മുതലുള്ള അഞ്ചു വര്‍ഷത്തിനിടെ ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പണമുപയോഗിച്ച് കാലിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ വാങ്ങിയെന്നു വ്യാജ ബില്ലുകളുണ്ടാക്കി ട്രഷറികളില്‍നിന്നു 950 കോടി രൂപ പിന്‍വലിച്ചെന്നാണു കേസുകള്‍.ചയ്ബാസ ട്രഷറിയില്‍നിന്ന് ആദ്യം 37.7 കോടിയും തുടര്‍ന്ന് 33.13 കോടിയും പിന്‍വലിച്ചു. ദേവ്ഗഡ് ട്രഷറിയില്‍നിന്ന് 89.27 കോടിയും ധൂംക ട്രഷറിയില്‍നിന്ന് 3.76 കോടിയുമാണു പിന്‍വലിച്ചത്. ധൂംക കേസില്‍ ലാലുവിന് 60 ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിരുന്നു.ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു.
ദൊറാന്‍ഡ ട്രഷറി കേസില്‍ ഇന്നലെ മറ്റ് 98 പ്രതികള്‍ ഹാജരായി. ഇതില്‍ മുന്‍ എം.പി. ജഗദീഷ് ശര്‍മ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്ന ധ്രുവ് ഭഗത് എന്നിവരടക്കം 35 പേരെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു. 24 പേരെ വെറുതേവിട്ടു.
ലാലുവടക്കം 40 പേരുടെ ശിക്ഷയാണ് 21-നു പ്രഖ്യാപിക്കാന്‍ മാറ്റിയത്.

