കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മൂന്നാറിലെ ഭൂമി കൈമാറിയത് ബോർഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം.എം മണിയെ ആരും കുറ്റം പറഞ്ഞിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ബി.അശോകിന്‍റെ പ്രധാന ആക്ഷേപം. ‘കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല’ എന്ന തലക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമര്‍ശം.

സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം