ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ 14കാരിയും തമ്മിൽ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 കാരി സഹോദരിയാണ് വനിത സുരക്ഷ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഒമ്പതാം വാർഡിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പുന്നപ്ര പീടികയിൽ വീട്ടിൽ ജോയൽ മേരി, സഹപ്രവർത്തക കാക്കാഴം വെളിയിൽ വീട്ടിൽ റിനി എന്നിവർക്ക് മർദ്ദനമേറ്റെന്ന് പരാതിയുണ്ട്. എന്നാൽ സുരക്ഷ ജീവനക്കാർ തന്നെ മർദ്ദിച്ചെന്നാരോപിച്ച് 14 കാരിയും ചികിത്സ തേടി.
ആശുപത്രിയിൽ ബന്ധുക്കളെത്തിയത് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതാണ് 14 കാരിയെ പ്രകോപിപ്പിച്ചത്. ഇവരെ തടഞ്ഞതോടെ കുട്ടിയും സുരക്ഷ ജീവനക്കാരും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ആശുപത്രിയിൽ സന്ദർശനത്തെത്തുന്നവരോട് പലപ്പോഴും സുരക്ഷ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി വ്യാപക പരാതിയുണ്ട്. അത്യാവശ്യ സന്ദർശനത്തിനും കൂട്ടിരിപ്പിനുമായി എത്തുന്നവരുമായി സുരക്ഷ ജീവനക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് പതിവ് കാഴ്ചയാണ്

