വനമേഖലയോട് ചേർന്ന് പുറമ്പോക്കിൽ കഴിഞ്ഞ കുടുംബത്തിന് മുൻഗണനാ കാർഡ് അനുവദിച്ചു

പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ചുള്ളിമട കോട്ടാമുട്ടിയിൽ വനമേഖലയോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന രാജേന്ദ്രന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. ഈ കുടുംബത്തിന്റെ ദൈന്യതയെക്കുറിച്ച് വന്ന ഫീച്ചർ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലാണ് അടിയന്തിരമായി എൻ.പി.എൻ.എസ് വിഭാഗത്തിലുള്ള കാർഡ് (വെള്ള കാർഡ്) മാറ്റി മുൻഗണനാ വിഭാഗത്തിലുള്ള എ.എ.വൈ കാർഡ് (മഞ്ഞ കാർഡ്) നൽകാൻ നിർദ്ദേശം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ജില്ലാ സപ്ലൈ ഓഫീസർ വി കെ ശശിധരൻ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ് ഗോകുൽ ദാസ് എന്നിവർ രാജേന്ദ്രന്റെ വീട്ടിൽ നേരിട്ടെത്തി കാർഡ് നൽകി. മന്ത്രി കുടുംബവുമായി ഓൺലൈനിൽ സംസാരിക്കുകയും ചെയ്തു.

രാജേന്ദ്രന് പതിനഞ്ചു വയസു മുതൽ ഒന്നര വയസുവരെ പ്രായമുള്ള ആറ് പെൺമക്കളാണ് ഉള്ളത്. രാജേന്ദ്രന്റെ ഭാര്യ മാസിലാമണി അടുത്തിടെ മരണപ്പെട്ടിരുന്നു. ഔഷധ സസ്യങ്ങളുടെ വേരുകൾ ശേഖരിക്കലാണ് രാജേന്ദ്രന്റെ ജോലി. രാജേന്ദ്രന്റെ മക്കളുടെ വിദ്യാഭ്യാസത്തിനും വീട് ലഭ്യമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വനത്തിനോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിന് വൈദ്യുതി കണക്ഷനോ കുടിവെള്ള സൗകര്യമോ നിലവിൽ ലഭ്യമല്ല. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മന്ത്രി ഇവർക്കു വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →