കണ്ണൂർ: മൗലികത നിലനിർത്തി ഖാദി മേഖലയെ നവീകരിക്കണം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സർവോദയപക്ഷ ഖാദി വിപണനമേളയ്ക്ക് തുടക്കം

കണ്ണൂർ: ഖാദിയുടെ മൗലികത നിലനിർത്തി ഖാദി മേഖലയെ ആധുനീകരിക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ സർവോദയപക്ഷ ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഖാദിഗ്രാമ സൗഭാഗ്യയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയുടെ വിപണി സാധ്യതകളും മേഖലയിലെ തൊഴിൽ സാധ്യതകളും വർധിപ്പിക്കാൻ ആധുനീകരണത്തിലൂടെ സാധിക്കും. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകാത്മകമായ ഓർമ്മയും ഉൽപ്പന്നവുമാണ് ഖാദി. ഗാന്ധിജി നടത്തിയ ക്രിയാത്മകമായ സമരമുറയുടെ ഭാഗം. ആ പാരമ്പര്യവും തനിമയും നില നിർത്തിക്കൊണ്ട് കാലാനുസൃതമായ നവീകരണമാണ് ഖാദി മേഖലയിൽ ഉണ്ടാവേണ്ടത്. ഖാദിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ആധുനികവസ്ത്ര സങ്കൽപങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപനകൾ ഉണ്ടാവണം. ഇത് വിപണന തൊഴിൽ സാധ്യതകൾ വർധിപ്പിക്കും-മന്ത്രി പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ സർവസ്വവും വിദേശ ശക്തികൾക്ക് അടിയറ വെക്കുന്ന പുതിയ കാലത്ത് പ്രക്ഷോഭകാലത്തിന്റെ ഓർമ്മയും അടയാളവുമായ ഖാദിയെ വീണ്ടെടുക്കുക എന്നത് ജനതയുടെ കടമയാണെന് അദ്ദേഹം പറഞ്ഞു. ഖാദി വസ്ത്രധാരണം ജീവിത ശൈലിയായി മാറണമെന്നും എം എൽ എ അഭിപ്രായപെട്ടു. വിവിധ സൊസെറ്റികൾക്കും ഗ്രാമ പഞ്ചായത്തുകൾക്കുമുള്ള ഖാദി വസ്ത്ര വിതരണവും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. എഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ടൗൺ ബാങ്ക് പ്രസിഡണ്ട് എൻ പി ശ്രീനാഥ് എന്നിവർ ഏറ്റുവാങ്ങി. 

പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി ഖാദി വികസനത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് തുക നീക്കിവെക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്തിലും പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലും ഖാദി പ്രചാരണം നടത്തുമെന്നും അവർ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയിലകപ്പെട്ട ഖാദി മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന വിപുലമായ പദ്ധതികൾ വലിയ ഉണർവുണ്ടാക്കിയതായി മുഖ്യ പ്രഭാഷണം നടത്തിയ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദിയെന്ന പേരിൽ ഖാദിയേതര ഉൽപന്നങ്ങളുടെ വരവാണ് കേരളത്തിലെ ഖാദി മേഖല നേരിടുന്ന പ്രതിസന്ധി. ഖാദിയേതര ഉൽപന്നങ്ങൾ വിറ്റതിന്റെ പേരിൽ 70 വർഷത്തെ വിപണന പരാമ്പര്യമുള്ള ഖാദി എംപോറിയത്തെ കേന്ദ്ര ഖാദി കമ്മീഷൻ വിലക്കി. കേരളത്തിൽ കഴിഞ്ഞ വർഷം വിൽപന നടന്ന 160 കോടി രൂപയുടെ ഖാദി ഉൽപന്നങ്ങളിൽ 60 കോടി രൂപയുടേത് മാത്രമാണ് അംഗീകൃത ഖാദി ഉൽപാദനശാലകൾ വിറ്റത്. വ്യാജ ഖാദിയെ തള്ളി പറയാൻ ജനങ്ങൾ തയ്യാറാകണം. പരുത്തിയുടെ ക്ഷാമവും വിലക്കയറ്റവും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇത് പരിഹരിച്ച് മുന്നോട്ട് പോവാൻ കഴിയും. 30 ശതമാനം വിലക്കിഴിവാണ് ഇപ്പോഴുള്ളത്. ഇത് ഉപയോഗപ്പെടുത്താൻ എല്ലാവരും തയ്യാറാകണം-പി ജയരാജൻ പറഞ്ഞു. 

ഖാദി ബോർഡംഗം ലോഹ്യ, പയ്യന്നൂർ ഖാദി സെന്റർ ഡയരക്ടർ ടി സി മാധവൻ നമ്പൂതിരി, പ്രൊജക്ട് ഓഫീസർ ഐ കെ അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം