കണ്ണൂര്‍ : അമേരിക്കയില്‍ വച്ചുണ്ടായ കാറപകടത്തില്‍ കന്യാസ്‌ത്രീ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് മലയാളി കന്യാസ്‌ത്രീകള്‍ക്ക് സാരമായി പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്‌എബിഎസ് )തലശേരി സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗവും കാസര്‍കോട് ജില്ലയിലെ ബദിയടുക്ക സ്വദേശിനിയുമായ സിസ്‌റ്റര്‍ അനില പുത്തന്‍തറ(40) ആണ് മരിച്ചത്. 2022 ഫെബ്രുവരി 8ന് രാവിലെ ഇന്ത്യന്‍ സമയം 9.30 ഓടെയായിരുന്നു അപകടം. കണക്ടിക്കട്ട് സംസ്ഥാനത്തെ വിന്‍ധാമിലുളള സെന്റ് ജോസഫ്‌സ് ലിവിംഗ് നഴ്‌സിംഗ് ഹോമില്‍ സേവനമനുഷ്ടിക്കുന്ന സിസ്‌റ്റര്‍ അനില ജോലിസ്ഥലത്തേക്കുളള യാത്രാമധ്യേയാണ് അപകടത്തില്‍പെട്ടത്.
കാറിലുണ്ടായിരുന്ന സിസ്റ്റര്‍ ബ്രജീറ്റ് പുലക്കുടിയില്‍, സ്സ്‌റ്റര്‍ ലയോണ്‍സ് മണിമല എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നും തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദിയടുക്കയിലെ പുത്തന്‍തറ കുര്യാക്കോസ് -ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്‌റ്റര്‍ അനില .മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായി എസ്.എ.ബി.എസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ഒഴുകയില്‍ അറിയിച്ചു.

