അഹമ്മദാബാദ്: അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കളത്തിലിറങ്ങുമ്പോള്‍ കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു സെഞ്ചുറി നേട്ടം. സ്വന്തം മണ്ണില്‍ കോഹ്ലി കളിക്കുന്ന നൂറാമത് ഏകദിന മത്സരമാകും ഇന്നത്തേത്. ഈ അപൂര്‍വ റെക്കോഡിന് ഉടമയാകുന്ന അഞ്ചാമത്തെ മാത്രം താരമെന്ന ഖ്യാതിയാണ് മുന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍മാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ക്കു പുറമേ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരാണ് ഈ നേട്ടത്തില്‍ കോഹ്ലിയുടെ മുന്‍ഗാമികള്‍.
നാട്ടില്‍ 164 മത്സരങ്ങള്‍ കളിച്ച ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയിലെ ആദ്യപേരുകാരന്‍. ധോണി 127 മത്സരങ്ങളുമായി രണ്ടാമതുണ്ട്. മുഹമ്മദ് അസ്ഹറുദീന്റെയും യുവരാജ് സിങ്ങിന്റെയും അക്കൗണ്ടുകളില്‍ സ്വന്തം തട്ടകത്തിലെ മത്സരങ്ങളുടെ എണ്ണം 113 ആണ്.സ്വന്തം മണ്ണില്‍ സെഞ്ചുറി മത്സരത്തിനിറങ്ങുന്ന കോഹ്ലി ബാറ്റുകൊണ്ട് സെഞ്ചുറി നേടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.2019 നവംബറില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്ലി അവസാനം മൂന്നക്കം കടന്നത്.