അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അഹമ്മദാബാദില്‍ നടക്കും. എതിരാളികളെ നിലംപരിശാക്കി ആദ്യകളി അക്കൗണ്ടിലാക്കിയ ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്നത്. പരമ്പരയില്‍ ജീവന് നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണെന്നത് കറണ്‍ പൊള്ളാര്‍ഡിനും സംഘത്തിനും സമ്മര്‍ദമേറ്റുന്ന ഘടകമാണ്. ഉച്ചകഴിഞ്ഞ് ഒന്നരമുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തല്‍സമയം കാണാം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന-ട്വന്റി20 പരമ്പര അടിയറവയ്ക്കേണ്ടിവന്ന ക്ഷീണം ടീം ഇന്ത്യ മറന്നുകഴിഞ്ഞു. ആദ്യകളിയിലെ ആറുവിക്കറ്റ് ജയം ടീമിന്റെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ആദ്യകളിയിലെ നാണംകെട്ട തോല്‍വിയില്‍നിന്നു പാഠമുള്‍ക്കൊണ്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും വിന്‍ഡീസിന്റെ ശ്രമം. ഇനിയൊരു തോല്‍വി പരമ്പരനഷ്ടത്തിനു വഴിതെളിക്കുമെന്ന തിരിച്ചറിവില്‍ പ്രതിഭയ്ക്കൊത്ത പ്രകടനമാണ് സഹതാരങ്ങളില്‍നിന്ന് ക്യാപ്റ്റന്‍ കറണ്‍ പൊള്ളാര്‍ഡ് പ്രതീക്ഷിക്കുന്നത്. അന്പതോവറും ബാറ്റ് ചെയ്യാന്‍ കഴിയാതെ പോയതാണ് ആദ്യകളിയില്‍ വിന്‍ഡീസിനു വിനയായത്.
ഏഴാമനായിറങ്ങി അര്‍ധസെഞ്ചുറി നേടിയ മുന്‍ ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറും പിന്തുണ നല്കിയ ഫാബിയനും അലനും തെളിച്ച പാതയില്‍ മറ്റു ബാറ്റര്‍മാരും മുന്നേറിയാല്‍ മികച്ച സ്കോര്‍ അപ്രാപ്യമല്ല. ബൗളിങ് യൂണിറ്റില്‍നിന്നും കൂടുതല്‍ മികവാര്‍ന്ന പ്രകടനം പൊള്ളാര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.

