പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പൊലീസിനെതിരെ കുടുംബം. മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കുടുംബം ആരോപിക്കുന്നു.
ഛർദ്ദിക്കാൻ വരുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് വാഹനം താവളത്ത് നിർത്തിയത്. താവളത്തെ ആശുപത്രിയിൽ മധുവിനെ എത്തിക്കാൻ പൊലീസ് തയാറായില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം കേസിൽ സാക്ഷികൾ കൂറുമാറുമെന്ന ആശങ്കയും കുടുംബം മുന്നോട്ടുവയ്ക്കുന്നു. സാക്ഷികൾ പലരും കൂറുമാറാൻ സാധ്യതയെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. സാക്ഷികൾ കൂറുമാറുന്നത് പ്രതികളെ ഭയന്ന്. പണം കൊടുത്ത് മൊഴി മാറ്റാനും നീക്കം നടക്കുന്നുണ്ടെന്ന് സഹോദരി സരസു വ്യക്തമാക്കി.
മധുവിനെ മുക്കാലിയിൽ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പിൽ എന്ത് സംഭവിച്ചെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പിൽ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയിൽ നിന്ന് അഗളിയിലേക്ക് ഒന്നേകാൽ മണിക്കൂർ യാത്രയ്ക്കെടുത്തു. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ ഗുഹയ്ക്ക് അടുത്ത് മരം മുറിക്കൽ നടന്നതായി സംശയമുണ്ട്. മരം മുറിക്കലിന്റെ ശബ്ദം കേട്ടിരുന്നതായും മധുവിന്റെ കുടുംബം ആരോപിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
കേസില്‍ പുനരന്വേഷണം വേണമെന്ന് നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടും കുടുംബം ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും.

