വള്ളിക്കുന്നിന്റെ കായികപരിശീലന പദ്ധതി കുതിപ്പോടെ മുന്നോട്ട്

മലപ്പുറം: പുതുതലമുറയുടെ കായികസ്വപ്‌നങ്ങള്‍ക്ക് ചിറക് പകരുക എന്ന ലക്ഷ്യത്തോട് അടുക്കുകയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക പരിശീലന പദ്ധതി. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം 250 ലേറെ പേരാണ് അംഗങ്ങളായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ച കായികപരിശീലന പദ്ധതിയ്ക്കായി പഞ്ചായത്ത് നീക്കിവച്ചത് മൂന്ന് ലക്ഷം രൂപയാണ്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് ക്യാമ്പുകളിലായാണ് പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്്, അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ്, ശോഭന ഗ്രൗണ്ട്, കൊടക്കാട് എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലായി ഫുട്‌ബോള്‍, വോളിബോള്‍, കരാട്ടെ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെയും വൈകീട്ടുമായി സജ്ജീകരിച്ച ക്യാമ്പുകളെ നയിക്കാന്‍ പത്ത് പരിശീലകരും ഒപ്പമുണ്ട്. ഒരു മാസത്തോളം നീളുന്ന പ്രാഥമിക പരിശീലനത്തിനൊടുവില്‍ കണ്ടെത്തുന്ന മികച്ച 150 കായികപ്രതിഭകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതോടൊപ്പം സാധാരണ പരിശീലനം മാറ്റമില്ലാതെ തുടരുകയും ചെയ്യും.

കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ അടച്ചിടലിന്റെ വിരസതയകറ്റി മാനസികോല്ലാസം വീണ്ടെടുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. നാടിന്റെ കായിക സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നുറപ്പുണ്ട്. മൊബൈല്‍ ഫോണിന്റെയും വീഡിയോ ഗെയിമുകളുടെയും ലോകത്ത് നിന്ന് വിശാലമായ മൈതാനത്തിലേക്ക് പരിശീലനത്തിന് വരാന്‍ കുട്ടികള്‍ക്കും വലിയ ഉത്സാഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ പറഞ്ഞു.

കുട്ടികള്‍ക്ക് ഊര്‍ജമായി പഞ്ചായത്ത് അധികൃതരും കായികപ്രേമികളും ഒപ്പമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധു ആത്രാപുളിക്കല്‍, പഞ്ചായത്ത് അംഗം വി.ശ്രീനാഥ് തുടങ്ങിയവരെല്ലാം ക്യാമ്പുകളെ നയിക്കാന്‍ മുന്‍നിരയിലുണ്ട്. കോവിഡിന് ശേഷം കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലോകമറിയപ്പെടുന്ന കായിക താരങ്ങളായി വള്ളിക്കുന്നിലെ കൗമാരപ്രതിഭകളെ മാറ്റിതീര്‍ക്കുകയെന്ന വലിയ സ്വപ്നത്തിലേക്കുള്ള കാല്‍വെപ്പാണ് ഇവിടെ തുടരുന്നത്.

കേരളത്തിന്റെ കായികഭൂപടത്തില്‍ വള്ളിക്കുന്നിന് എന്നും ഒരു സ്ഥാനമുണ്ട്. ഒരു കാലത്ത് മലബാറിലെ വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെട്ടതും ഈ നാട് തന്നെയാണ്. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം എം. അബൂബക്കറും വെസ്റ്റേണ്‍ റയില്‍വെ താരം അബ്ദുല്‍സലാമും ദേശീയ വനിതാ വോളിബോള്‍ താരം കെ. അശ്വനിയുമെല്ലാം വളര്‍ന്നുവന്നത് വള്ളിക്കുന്നിന്റെ കളിത്തട്ടിലാണ്. ഈ നാടിന്റെ ഊര്‍ജം സിരകളിലേന്തിയാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് പ്രിയതാരങ്ങള്‍ അഭിമാനമായി മാറിയത്. സംസ്ഥാന വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തെ ആദ്യമായി പ്രതിനിധീകരിച്ചതും വള്ളിക്കുന്നിന്റെ സോക്കര്‍ ഗേള്‍സ് ആയിരുന്നു. ആ പാരമ്പര്യത്തെ കൈവിടാതിരിക്കാന്‍ പുതുതലമുറയെ കായിക ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →