ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് 3 മണിക്കൂറിനുള്ളില്‍ 518 കേസുകളും അഞ്ചുലക്ഷത്തോളം രൂപ പിഴയും ഈടാക്കി

ഇടുക്കി: തൊടുപുഴ നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര വാഹന പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി  ഇടുക്കി ജില്ലയില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍  ഇരുചക്ര യാത്രക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതിന് മുന്നോടിയായി ഇടുക്കി ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി. എ.ജി ലാല്‍, ഇടുക്കി ആര്‍.ടി.ഒ ആര്‍.രമണന്‍, തൊടുപുഴ ജോ.ആര്‍.ടി.ഒ പ്രദീപ്.എസ്.എസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം 40 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി 11 സ്‌ക്വാഡുകളായി തൊടുപുഴ മുനിസിപ്പല്‍ പരിസരങ്ങളില്‍ വ്യാപകമായി ഇരുചക്രവാഹന ഗതാഗത നിയമലംഘനങ്ങളുടെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 3 മണിക്കൂര്‍ കൊണ്ട് 518 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും അഞ്ചുലക്ഷത്തോളം രൂപ പിഴ ചുമത്തുകയുമുണ്ടായി.
ഇതില്‍ 395  കേസുകള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ്. വാഹനം ഓടിക്കുന്ന ആള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ പിന്‍ സീറ്റ്  യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാത്ത സംഭവങ്ങള്‍, ഹെല്‍മെറ്റ് സ്ട്രാപ്പ് ശരിയായവിധം ധരിക്കാത്തത് ഉള്‍പ്പെടെയുള്ള ഹെല്‍മറ്റ് നിയമ ലംഘനങ്ങളാണ് പിടികൂടിയത്.

ഇന്‍ഷുറന്‍സ് ഇല്ലാത്ത 51 വാഹനങ്ങളും, റജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത 11 വാഹനങ്ങളും, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഉള്ള 9 വാഹനങ്ങളും, ലൈസന്‍സില്ലാതെ വാഹനം ഓടിച്ച  17 കേസുകളും, ടാക്‌സ് ഇല്ലാത്ത 4 വാഹനങ്ങളും, മൂന്നു പേരുമായി പോയ അഞ്ചു  കേസുകളും പിടികൂടിയതായി ആര്‍.ടി.ഒ എന്‍ഫോഴ്‌സമെന്റ് വിഭാഗം അറിയിച്ചു. ശരിയായവിധം റജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത/ഇല്ലാത്ത ഇരുചക്രവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അതിനെതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ നിയമ ലംഘനങ്ങള്‍  പിടികൂടുന്നതിനായി സ്‌പെഷ്യല്‍ ഓപ്പറേഷനുകള്‍  സംഘടിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്  വിഭാഗം ആര്‍.ടി.ഒ  അറിയിച്ചു. മുനിസിപ്പല്‍ പരിസരങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍  സ്ഥാപിക്കുന്നത് പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വഴി നിയമ ലംഘനങ്ങള്‍ പിടികൂടുകയും തൊടുപുഴ വെങ്ങല്ലൂര്‍ ഉള്ള കണ്‍ട്രോള്‍ റൂം വഴി കുറ്റക്കാരെ അറിയിക്കുകയും ചെയ്യുകയാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →