കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ല സന്നദ്ധമാണെന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിൽ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആറ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 6670 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ 229 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നും ഡിഎംഒ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നുവന്നിരുന്ന ഗര്‍ഭിണികളെ കോവിഡ് പോസിറ്റീവ് ആയി എന്നതിനാല്‍ ചികിത്സ നിഷേധിക്കുകയും ഡിസ്ചാര്‍ജ്ജ്‌ചെയ്തു വിടുകയും ചെയ്യുന്ന സ്വകാര്യആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. നിലവില്‍ ജില്ലയില്‍ 22 പഞ്ചായത്തുകളില്‍ ടെലി മെഡിസിന്‍ സംവിധാനം ലഭ്യമാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് ടെസ്റ്റ് നിലവില്‍ ഉച്ചക്ക് 1 മണിവരെ മാത്രമാണ്. അടിയന്തിര സാഹചര്യത്തില്‍ മുഴുവന്‍ സമയവും ടെസ്റ്റ് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര സര്‍വ്വകലാശാല ലാബില്‍ നിന്നും ടെസ്റ്റ് റിസല്‍ട്ട് ലഭിക്കുന്നതിലുണ്ടായ കാലതാമസം പരിഹരിച്ചിട്ടുണ്ടെന്നും കൂടുതള്‍ സാമ്പിളുകള്‍ ടെസ്റ്റിംഗിന് വരുമ്പോള്‍ ജീവനക്കാരെ അധികമായി നിയോഗിക്കേണ്ടി വരുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓക്‌സിജന്‍ വാര്‍റൂം സജ്ജമാക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പണി പൂര്‍ത്തിയായ കെട്ടിടം സി.എഫ്.എല്‍.ടി.സി. ക്കു വേണ്ടി ഏറ്റെടുക്കും എല്ലാ താലൂക്കുകളിലും ബ്ലോക്കുകളിലും സി.എഫ്.എല്‍.ടി.സി.-കള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങള്‍, ഡി.സി.സി. കള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങള്‍, ഓക്‌സിജന്‍, ഐ.സി.യു. വെന്റിലേറ്ററുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വെക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.