തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ നല്ല രീതിയിൽ കുറയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും ആശ്വാസമാണ്.
സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി.
ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കൂ. ദീർഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം.