ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
അരുണാചലുകാരനായ മിറാം താരോണിനെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കുട്ടിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം ചൈനയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കയിരുന്നു. എന്നാൽ, പർവതമേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് കൈമാറ്റ നടപടികൾ വൈകുകയായിരുന്നു.
അരുണാചലിലെ വാച്ചാ ദമായ് കേന്ദ്രത്തിലെത്തിയാണ് ഇന്ത്യൻ സൈനികർക്ക് 17കാരനെ കൈമാറിയത്. വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച സൈന്യത്തെ അഭിനന്ദിക്കുന്നതായി റിജിജു ട്വീറ്റ് ചെയ്തു. കുട്ടിയെ കൈമാറുന്നതിന്റെയും സ്വീകരിച്ച് കൊണ്ടുവരുന്നതിന്റെയും ചിത്രങ്ങളും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.