ന്യൂഡല്‍ഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍. എന്നാല്‍ പുരസ്കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷന്‍ പുരസ്കാരം നിരസിച്ചു. പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.യു.പി. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന കല്യാണ്‍ സിങ്, സാഹിത്യകാരന് രാധേശ്യാം ഖേംക എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. സംഗീതവിദുഷി പ്രഭാ ആത്രേയെയും പത്മവിഭൂഷണ്‍ നല്കി ആദരിക്കും.കോവിഷീല്‍ഡ് ഉത്പാദകരായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ െസെറസ് പുനാവാല, കോവാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ മേധാവിമാരായ കൃഷ്ണ എല്ല, പത്നി സുചിത്ര എല്ല എന്നിവര്‍ക്കു പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. മൈക്രോസോഫ്റ്റ് സി.ഇ.ഒ: സത്യ നാദെല്ല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ: സുന്ദര്‍ പിച്ചായ് എന്നിവരടക്കം 17 പേര്‍ക്കാണു പത്മഭൂഷണ്‍.
ബംഗാളി നടന് വിക്ടര്‍ ബാനര്‍ജി, പഞ്ചാബി നാടന്‍പാട്ട് കലാകാരി ഗുര്‍മീത് ബാവ, ടാറ്റാ സണ്‍സ് ചെയര്മാന് നടരാജന് ചന്ദ്രശേഖരന്, നടിയും എഴുത്തുകാരിയുമായ മധുര് ജഫ്രി, പാരാലിമ്പിക്സില്‍ ജാവലിന്‍ സ്വര്‍ണം നേടിയ ദേവേന്ദ്ര ഝജാറിയ, സംഗീതജ്ഞന് റഷീദ് ഖാന്, മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, ഗോതമ്പു കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച സഞ്ജയ രാജാറാം, സാഹിത്യകാരി പ്രതിഭാ റായ്, സ്വാമി സച്ചിതാനന്ദ്(ഗുജറാത്ത്), വസിഷ്ഠ് ത്രിപാഠി (ഉത്തര്‍ പ്രദേശ്) എന്നിവരാണു പത്മഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍.
ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍: പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
