ചരിത്ര തീരുമാനവുമായി തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുളള ക്ഷേമ പദ്ധതികളുടെ ഭാഗമായി 231 പേര്‍ക്ക്‌ മൂന്നുസെന്റ് വീതം ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനം. ലൈഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ഭൂരഹിതരായ 231 പേര്‍ക്ക്‌ ഭൂമി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനം എടുത്തത്‌.

ജിഐഎസ്‌ മാപ്പിംഗ്‌ പദ്ധതി വഴി 80,000 വരുന്ന വീടുകളുടെയും 20,000 വരുന്ന സ്ഥാപനങ്ങളുടെയും സര്‍വേ പൂര്‍ത്തീകരിക്കുന്നതിന്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സൊസൈറ്റിക്ക്‌ നല്‍കുന്നതിനുളള നിരക്കുകള്‍ അംഗീകരിക്കുന്നതിനും തീരുമാനിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ ജല സ്രോതസുകള്‍ കണ്ടെത്തി പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിനും , പട്ടിക ജാതി ക്ഷേമ ക്ഷേമപദ്ധതി വഴി 50 ഗുണഭോക്താക്കള്‍ക്ക്‌ വിവാഹ സഹായം നല്‍കുന്നതിനുമുളള ശ്രദ്ധേയമായ തീരുമാനങ്ങളാണ്‌ യോഗം കൈക്കൊണ്ടത്‌.

അതേസമയം തൃശൂര്‍ ശക്തനിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് തരികിടപ്ലാന്റ് ആയി മാറിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രാജന്‍ ജെ പല്ലന്‍ ആരോപിച്ചു. ഇവിടെ മാലിന്യം കൊണ്ടുവന്ന്‌ സംസ്‌ക്കരിച്ച്‌ വളമാക്കി വില്‍പ്പന നടത്തേണ്ട പദ്ധതി അട്ടിമറിച്ചു. കോര്‍പ്പറേഷനിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ കുടിവെളളം ചോദിക്കുമ്പോള്‍ മേയറും ജലഅതോരിറ്റിയും ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി പക്ഷത്തെ അറിയിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി രഹസ്യ യോഗം ചേര്‍ന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന്‌ നഗരാസൂത്രണ കാര്യ സറ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍ വികസന ഫണ്ടുകള്‍ അടിച്ചുമാറ്റാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്‌ സിപിഎം വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നെന്ന്‌ ബി.ജെപി പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ വിനോദ്‌ പൊളളഞ്ചേരി ആരോപിച്ചു. അമൃത്‌ പദ്ധതി പ്രകാരം കുടിവെളള വിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണ്ട്‌ ലഭിച്ചിരുന്ന കുടിവെളളം പോലും ഇല്ലാത്ത അവസ്ഥയാണ്‌ . പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ പിടിച്ചുവച്ചിട്ടുളള 38 ലക്ഷം രൂപ ഊരാളുങ്കലിന്‌ തിരിച്ചുകൊടുക്കാനുളള അജണ്ട അംഗീകരിക്കാനാവില്ലെന്നും അത്‌ നിയമ വിരുദ്ധമാമെന്നും ബിജെപി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →