മലപ്പുറം : പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നിയമ വിരുദ്ധമായി നിര്‍മിച്ച റോപ്പ് വേ പൊളിച്ചുനീക്കാനുളള ഉത്തരവ് രണ്ടാം തവണയും നടപ്പാക്കാതെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്. റസ്റ്റോറന്റിനുളള അനുമതിയുടെ മറവിലാണ് ചീങ്കണ്ണിപ്പാലിയില്‍ വിവാദ തടയണക്ക് കുറുകെ ഇദ്ദേഹം റോപ്പുവേ നിര്‍മിച്ചിരിക്കുന്നത്. റോപ്പ് വേ അടക്കമുളള നിര്‍മിതികള്‍ പൊളിച്ചുമാറ്റാനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് ജസ്റ്റീസ് പി.എസ് ഗോപിനാഥിന്റെ ഉത്തരവാണ് പഞ്ചാായത്ത് സെക്രട്ടറി നടപ്പാക്കാത്തത്. നിര്‍മിതികള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ടുചെയ്യണമെന്ന് 2022 നവംബര്‍ 30 ന് ഉത്തരവിട്ടിരുന്നു . നിലമ്പൂര്‍ സ്വദേശി എം.പി.വിനോദിന്റെ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞ നവംബര്‍ 30നകം റോപ്പ വേയും അനധികൃത നിര്‍മ്മിതികളും പൊളിക്കാന്‍ സെപ്തംബര്‍ 22ന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പിലാക്കിയിരുന്നില്ല. ഓംബുഡ്സ്മാന്റെ ഉത്തരവ് ലഭിക്കാന്‍ വൈകിയെന്നും എംഎല്‍എയുടെ ഭാര്യപിതാവിനെ നോട്ടീസ് അയച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുളള വാദം ഉയര്‍ത്തിയാണ് അന്ന് ഉത്തരവ് നടപ്പാക്കാതിരുന്നത്..
ഇതോടെ ഭരണസംവിദാനത്തിന്റെ പിഴവും കാലതാമസവും ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പൊളിച്ചുനീക്കി ജനുവരി 25ന് റിപ്പോര്‍ട്ടുചെയ്യാന്‍ ഓംബുഡ്സ്സ്മാന് രണ്ടാമത് ഉത്തരവിട്ടത്. വീഴ്ച വരുത്തിയാല്‍ സെക്രട്ടറിക്ക് പിഴശിക്ഷ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റോപ്പുവേയും അനധികൃത നിര്‍മാണങ്ങളും പഞ്ചായത്ത് പൊളിച്ചുനീക്കിയിട്ടില്ല. അതേസമയം റോപ്പവേ പൊളിക്കാന്‍ 1,48,000രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത സെക്രട്ടറി ഇ.ആര് .ഓമന അമ്മാളുവിന്റെ വിശദീകരണം.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്കുകുറുകെ പി.വിഅന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് അന്‍വറിന്റെ ഭാര്യപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചാായത്തില് നിന്നും റസ്റ്ററന്റ് കം ലോഡ്ജിംഗ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയശേഷം തടയണക്കുകുറുകെ നിയമ വിരുദ്ധമായി റോപ്പ് വേ നിര്‍മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് വിനോദ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും റോപ്പുവേ പൊളിച്ചുനീക്കാന്‍ നടപടി ഉണ്ടായില്ല.
റോപ്പ് വേ പണിയാന്‍ നിയമ വിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് വിനോദ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കോടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്കുകുറുകെ മൂന്നുമലകളെ ബന്ധിപ്പിച്ചുളള റോപ്പ് വേയും. കേസ് 2022 ജനുവരി 25ന് ഓംബുഡ്സ്മാന് പരിഗണിക്കും.

