മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റിന്റെ 15-ാം സീസണില്‍ മാര്‍ച്ച് 27 നു തുടങ്ങാനുള്ള ആലോചനയുമായി ബി.സി.സി.ഐ. ടൂര്‍ണമെന്റ് രാജ്യത്തു തന്നെ നടത്താന്‍ തീരുമാനിച്ചെന്നാണു സൂചന. രാജ്യത്തു കോവിഡ്-19 വൈറസ് ബാധിതര്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചത്. വിവിധ വേദികളിലായി നടത്തുന്നതിനു പകരം മുഴുവന്‍ മത്സരങ്ങളും മുംബൈയില്‍ നടത്താനാണു സംഘാടക സമിതി ആലോചിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയയങ്ങളിലായിരിക്കും മത്സരങ്ങള്‍. മുംബൈയിലെ വാംഖഡെ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയങ്ങളാണു പരിഗണനയില്‍.
ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ നടത്താന്‍ ആലോചനയുണ്ടായിരുന്നു.അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ താര ലേലത്തിനു മുന്നോടിയായി താരങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യാനുള്ള സമയം 20 ന് അവസാനിച്ചിരുന്നു. 1214 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ഈ പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ കളിക്കാരുമാണ് ലേലത്തില്‍. 41 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 12, 13 ദിവസങ്ങളിലായി ബംഗളുരുവിലായിരിക്കും മെഗാ താര ലേലം. ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 46 താരങ്ങളാണ്.ദേവ്ദത്ത് പടിക്കല്‍, ആര്. അശ്വിന്, യുസ്വേന്ദ്ര ചാഹാല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ദിനേഷ്് കാര്‍ത്തിക്, ഇഷാന് കിഷന്, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശാര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി മൂല്യമുള്ള ഇന്ത്യന്‍ കളിക്കാര്‍.
രണ്ടു കോടി രൂപ മൂല്യമുള്ള വിദേശ താരങ്ങള്‍ ഡേവിഡ് വാര്‍ണര്‍, ആഡം സാംപ, ഷാക്കിബുള്‍ ഹസന്, മുസ്താഫിസുര്‍ റഹ്മാന്, സാം ബില്ലിങ്സ്, ഷാക്വിബ് മഹമൂദ്, മുജീബ് സാദ്രാന്‍, ആഷ്ടണ്‍ ആഗര്‍, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസില്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ക്രിസ് ജോര്‍ദാന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, ജാസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലൂകി ഫെര്ഗൂസന്, ക്വിന്റണ്‍ ഡി കോക്ക്, മര്‍ച്ചെന്റ് ഡാ ലെങ്, ഫാഫ് ഡു പ്ലെസിസ്, കാഗിസോ റബാഡ, ഇമ്രാന് താഹിര്‍, ഫാബിയന്‍ അലെന്‍, ഡൈ്വന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ്.

