ഇടിവോടെ ഓഹരി സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 656.04 പോയിന്റ് താഴ്ന്ന് 60098.82 ലും നിഫ്റ്റി 174.60 പോയിന്റ് താഴ്ന്ന് 17938.40 ലും വ്യാപാരമവസാനിപ്പിച്ചു.1432 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1766 ഓഹരികളുടെ വില കുറഞ്ഞു. 72 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകള്‍ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്യാന്‍ മുഖ്യ കാരണം.യു.എസ്. ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനയുണ്ടായതും ബ്രന്‍ഡ് ക്രൂഡ് വിലയിലെ കുതിപ്പുമാണ് രണ്ടാംദിവസവും വിപണിയെ സമ്മര്‍ദത്തിലാക്കിയത്. പത്തുവര്‍ഷത്തെ യു.എസ്. ട്രഷറി ആദായം 1.9 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ ആഗോളതലത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിപണിയില്‍നിന്ന് പിന്മാറി. ബ്രന്‍ഡ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 88 ഡോളര്‍ മറികടന്നതും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.

ഏഷ്യന്‍ പെയ്ന്റ്സ്, ശ്രീ സിമന്റ്സ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്.യു.എല്‍. തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒ.എന്‍.ജി.സി, ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ, കോള്‍ ഇന്ത്യ, യു.പി.എല്‍. തുടങ്ങിയവ നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകള്‍ ഇന്നലെ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഓട്ടോ, മെറ്റല്‍, പവര്‍, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക്, എഫ്.എം.സി.ജി, ഐടി, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബി.എസ്.ഇ. മിഡ്കാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു. ഉക്രയിനെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങള്‍ വിപണിയെ വരും ദിവസങ്ങളില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ആഗോള തലത്തിലെ സൂചനകളെല്ലാം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ്. അതിനാല്‍ വരും ദിവസങ്ങളിലും ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടറില്‍ ഓഹരി വില ഇടിയുമെന്നാണ് വിലയിരുത്തല്‍. കേരള കമ്പനികളില്‍ 15 എണ്ണം നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍, എഫ്.എ.സി.ടി, കിറ്റെക്സ്, ആസ്റ്റര്‍ ഡി എം, എ.വി.ടി, നിറ്റ ജലാറ്റിന്‍, ഈ്സ്റ്റേണ്‍ ട്രെഡ്സ് തുടങ്ങിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, കേരള ആയുര്‍വേദ, കിങ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, അപ്പോളോ ടയേഴ്സ് തുടങ്ങി 14 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →