കോട്ടയം: സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും മികച്ചതും ആകർഷകവുമായ നഷ്ടപരിഹാര-പുനരധിവാസ പാക്കേജാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണമേഖലയിൽ നാലിരട്ടി വിലയും നഗരമേഖലയിൽ ഇരട്ടി വിലയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആളുകൾ സമീപിക്കുന്ന നിലയിലുള്ള പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖലയിലും കാർഷിക രംഗത്തും തൊഴിലമേഖലയിലുമടക്കം പദ്ധതി വലിയ മാറ്റമുണ്ടാക്കും. സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതിന് ഒരു തടസവുമില്ല.
സിൽവർ ലൈൻ പദ്ധതിയിലൂടെ യാത്രാരംഗത്ത് സമയലാഭമുണ്ടാകുകയും വലിയ സാമ്പത്തിക ലാഭമുണ്ടാകുകയും ചെയ്യുന്നു. പദ്ധതിയിലൂടെ തൊഴിലവസരങ്ങളുണ്ടാകുന്നു. പദ്ധതിയുടെ നിർമാണ കാലയളവിൽ അമ്പതിനായിരം തൊഴിലവസരങ്ങളും പിന്നീട് 11,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വലിയ നേട്ടങ്ങളാണ് പദ്ധതിയിലൂടെ ഉണ്ടാകുക. പശ്ചാത്തലസൗകര്യങ്ങളും വ്യാവസായിക വികസനം സാധ്യമാകുന്നു. പരിസ്ഥിതി സംരക്ഷിച്ചാണ് പദ്ധതി നടപ്പാകുക. പദ്ധതി എന്തുകൊണ്ടും സ്വീകാര്യമാണെന്ന് ഡി.പി.ആർ. പരിശോധിച്ചാൽ മനസിലാകും. കേരളത്തെ കീറിമുറിക്കുക എന്ന പ്രശ്നം അടിസ്ഥാനരഹിതമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ഡി.പി.ആർ. പരിശോധിച്ചാൽ സ്വാഗതം ചെയ്യാവുന്ന പദ്ധതിയാണിത്. ഇക്കാര്യങ്ങൾ നമ്മൾ മനസിലാക്കണം. ചിലർ അന്ധമായി പ്രശ്നത്തെ സമീപിക്കുന്നു. ഉറക്കം നടിക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിക്കാനാവില്ല. ഇന്ത്യയിൽ എട്ടു സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽവേ പദ്ധതികൾ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നമുക്ക് ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്.
ഗെയിൽ പൈപ്പ് ലൈൻ, മലയോര-തീരദേശ ഹൈവേ, കൂടംകുളം വൈദ്യുതി ലൈൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പദ്ധതിയെക്കുറിച്ച് സമരക്കാരെയടക്കം ബോധ്യപ്പെടുത്തി നഷ്ടപരിഹാരമടക്കം നൽകി അവ യാഥാർഥ്യമാക്കാനും നിർമാണം ആരംഭിക്കാനും കഴിഞ്ഞു. നടപ്പാകില്ലെന്നു കരുതിയ പദ്ധതികളൊക്കെ അഭിമാനത്തോടെ നമുക്ക് നടപ്പാക്കാൻ കഴിഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന് നാടിന്റെ വിവേകബുദ്ധി മുന്നോട്ടുവരണമെന്നും കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.