സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന കുറയുന്നു: താക്കീതുമായി കേന്ദ്രം

ന്യൂഡല്‍ഹി: മഹാമാരിയെ നേരിടാനുള്ള നിര്‍ണായകതന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണെന്നിരിക്കെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് പരിശോധന കുത്തനെ കുറയുന്നതിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തരശ്രദ്ധ ചെലുത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നു മന്ത്രാലയം നിര്‍ദേശിച്ചു.സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചില പ്രത്യേകമേഖലകളില്‍ രോഗസ്ഥിരീകരണനിരക്ക് വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അര്‍തി അഹൂജ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സംസ്ഥാനങ്ങളിലും പരിശോധനാനിരക്ക് കുറഞ്ഞതായാണ് ഐ.സി.എം.ആര്‍. പോര്‍ട്ടലില്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ ക്ലസ്റ്ററുകളും ഹോട്ട് സ്പോട്ടുകളും കണ്ടെത്തി, കണ്ടെയ്ന്‍മെന്റ് മേഖലകള്‍ രൂപീകരിക്കണം. നേരത്തേ രോഗം കണ്ടെത്തുന്നതിലൂടെ ഗുരുതരാവസ്ഥയും മരണനിരക്കും കുറയ്ക്കാനാകും. ചുമ, പനി, തൊണ്ടയില്‍ അസ്വസ്ഥത, രുചിയോ മണമോ നഷ്ടപ്പെടുക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കമുണ്ടായവരും പരിശോധനയ്ക്കു വിധേയരാകണമെന്നു കഴിഞ്ഞ 10-ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.സി.എം.ആര്‍. നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →