കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിലെ 172 സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്. ‘എന്റെ ജില്ല’ മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാനായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ. മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങൾ നൽകുന്ന റേറ്റിംഗാണിത്. 31 സ്ഥാപനങ്ങൾക്ക് ഫോർ സ്റ്റാറും ഏഴു സ്ഥാപനങ്ങൾക്ക് ത്രീ സ്റ്റാറും ആറു സ്ഥാപനങ്ങൾക്ക് റ്റു സ്റ്റാറും ലഭിച്ചു. ജനുവരി ഒന്നു മുതലുള്ള കണക്കാണിത്. ആപ്ലിക്കേഷനിലൂടെ ജനങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് അതത് വകുപ്പുകൾ മറുപടി നൽകും. ഇതിനായി പ്രത്യേക പോർട്ടൽ ആരംഭിക്കുകയും വകുപ്പുകളിൽ നോഡൽഓഫീസറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടറുടെ കീഴിൽ ജില്ലാ നോഡൽ ഓഫീസറായ സബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റേറ്റിംഗും അഭിപ്രായങ്ങളിൽ സ്വീകരിച്ച നടപടിയും വിലയിരുത്തുന്നത്. റേറ്റിംഗ് നില എല്ലാ ആഴ്ചയും പരിശോധിക്കും. കുറഞ്ഞ റേറ്റിംഗ് ഉള്ള സ്ഥാപന മേധാവികളിൽ നിന്ന് വിശദീകരണം തേടി. മികവു പുലർത്തുന്ന ഓഫീസുകളെ അഭിനന്ദിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എവിടെ സ്ഥിതിചെയ്യുന്നു, ഫോൺനമ്പർ, ഇ-മെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും സാധിക്കും. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ ജില്ലാ കളക്ടർ നിരീക്ഷിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ല'(Ente Jilla) ആപ്പ് ഡൗൺലോഡ് ചെയ്യാം. യോഗത്തിൽ സബ് കളക്ടർ രാജീവ് കുമാർ ചൗധരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.