കോട്ടയം: ജില്ലയിലെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ ആദ്യ അക്ഷയ കേന്ദ്രമായി ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട് അക്ഷയ കേന്ദ്രം. മികവാർന്ന സൗകര്യവും സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി അക്ഷയ കേന്ദ്രത്തിന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് കൈമാറി.
സേവന കേന്ദ്രത്തിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, മികച്ച ഗുണഭോക്തൃ സേവനം, മികച്ച സൗകര്യങ്ങൾ, ജീവനക്കാർക്കായി പരിശീലനങ്ങൾ, അവലോകനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഐ.എസ്.ഒ. സർട്ടിഫിക്കേഷനായി പരിഗണിച്ചത്. മൂന്നുവർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി.
വാഴപ്പള്ളി സ്വദേശി മേലേട്ട് ശ്രേയ ശ്രീകുമാറിന്റേതാണ് അക്ഷയ കേന്ദ്രം. 2012 ലാണ് കുരിശുംമൂട് ജംഗ്ഷനിൽ 300 സ്‌ക്വയർ ഫീറ്റിൽ മൂന്നു സ്റ്റാഫുകളുമായി അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നിലവിൽ 2300 ചതുരശ്രയടിയുള്ള ശീതീകരിച്ച മുറികളോടെ 18 ജീവനക്കാരുമായാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് 11 കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ആധാർ, ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങി വിവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾ ഞായറാഴ്ചയുൾപ്പെടെ നൽകുന്നു. ദിവസേന 400 മുതൽ 600 വരെ പേർക്ക് സേവനമൊരുക്കുന്നു.
18 ജീവനക്കാരിൽ 10 പേർക്ക് ആറു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുണ്ട്. ജീവനക്കാർക്ക് പ്രത്യേക യൂണിഫോം, പഞ്ചിംഗ് സംവിധാനങ്ങൾ എന്നിവയുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം, പാർക്കിംഗിന് സൗകര്യം, കുടിവെള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെയും ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ നാലുവരെയുമാണ് പ്രവർത്തനം. അപേക്ഷകർക്ക് സേവനങ്ങൾ നൽകുന്നതിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആധാർ സേവനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സേവനങ്ങൾക്ക് മുൻകൂട്ടി ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓരോ കൗണ്ടറുകളിലും പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാസം തോറും അക്ഷയകേന്ദ്രത്തിന്റെ പ്രവർത്തനം ആവലോകനം ചെയ്ത് സേവനങ്ങൾ മെച്ചപ്പെടുത്തുന്നു. സാമൂഹികമാധ്യമങ്ങൾ, എഫ്.എം. റേഡിയോ എന്നിവ വഴി സേവനങ്ങളുടെ പരസ്യങ്ങൾ നൽകുന്നുണ്ട്. വിവരങ്ങൾ എസ്.എം.എസ്. മുഖേനയും ഗുണഭോക്താക്കളെ അറിയിക്കുന്നു. നൽകുന്ന സേവനങ്ങളെക്കുറിച്ച് ഗുണഭോക്താക്കൾക്ക് അവബോധം നൽകാനായി കേന്ദ്രത്തിൽ പരസ്യസംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സേവനം സംബന്ധിച്ച് അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താനുള്ള രജിസ്റ്ററുകളും അക്ഷയകേന്ദ്രത്തിലുണ്ട്. മികച്ച ജീവനക്കാർക്ക് എല്ലാ മാസവും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലനവും പ്രചോദനക്ലാസുകളും നൽകുന്നു.
2018-19 വർഷത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ജില്ലാ കളക്ടറിൽനിന്ന് ശ്രീകുമാർ മേലേട്ട് ഏറ്റുവാങ്ങി. കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന നിലയിലേക്ക് ഉയരുന്നതിന് ശ്രമിക്കണമെന്നും മികവാർന്ന സൗകര്യങ്ങളും മെച്ചപ്പെട്ട സേവനവും ജനങ്ങൾക്ക് ലഭ്യമാകും വിധം പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, പഞ്ചായത്തംഗങ്ങളായ ലാലിമ്മ ടോമി, മിനി വിജയകുമാർ, അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ കെ. ധനേഷ്, അക്ഷയ കോ-ഓർഡിനേറ്റർ റീനാ ഡാരിയസ്, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സി.എസ്. ലീലാമണി, സി.എസ്. കവിതാമോൾ എന്നിവർ പങ്കെടുത്തു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മികവാർന്ന സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളാക്കി അക്ഷയകേന്ദ്രങ്ങളെ മാറ്റി ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ കൂടുതൽ കേന്ദ്രങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ കെ. ധനേഷ് പറഞ്ഞു.

