കോട്ടയം: ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലയിലെ പ്രൈവറ്റ് പാലിയേറ്റീവ് കൺസോർഷ്യം എന്നിവ സംയുക്തമായി സംസ്ഥാന സാന്ത്വന പരിചരണ ദിനം ആചരിച്ചു. ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനവും സാന്ത്വന പരിചരണ പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി മസ്‌കുലാർ ഡിസ്ട്രോഫി എന്ന രോഗം മൂലം കാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ട മെറിൻ മേരി ജെയിംസിന് ഇലക്ട്രോണിക് വീൽചെയർ നൽകി. ഫാഷൻ ഡിസൈനറും ആർട്ടിസ്റ്റുമായ മെറിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദ്ദേശപ്രകാരമാണ് ഇലക്ട്രോണിക് വീൽചെയറിനുള്ള ഫണ്ട് കണ്ടെത്തിയത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വഴിയും ദേശീയ ആരോഗ്യദൗത്യം വഴിയുമാണ് വീൽചെയർ വാങ്ങുന്നതിനുള്ള 1,32,000 രൂപ ലഭ്യമാക്കിയത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. പി.എൻ. വിദ്യാധരൻ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണൽ ഹെഡ് ഇ. പുല്ലാറാവു, മെഡിക്കൽ കോളജ് റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോ. പ്രവീൺ ലാൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണൽ ഹെഡ് ജയദേവ് നായർ, പ്രൈവറ്റ് പാലിയേറ്റീവ് കൺസോർഷ്യം പ്രസിഡന്റ് ഡായി റ്റി. എബ്രഹാം, ജില്ലാ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ അജിൻലാൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 83 പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കിടപ്പുരോഗികൾക്ക് വീടുകളിൽ എത്തി പരിചരണവും ആശുപത്രികളിൽ നിന്ന് മരുന്നും പരിചരണ ഉപകരണങ്ങളും നൽകിവരുന്നു. സെക്കന്ററി കെയർ വഴി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നു. ഫിസിയോ ഹോം കെയർ ആവശ്യമുള്ളവർക്ക് ഹോം കെയറും മോർഫിൻ അടക്കമുള്ള മരുന്നുകളും നൽകുന്നു. ജില്ലയിലെ 10961 രോഗികൾക്ക് പരിചരണം നൽകുന്നുണ്ട്.
കാൻസർ പോലുള്ള രോഗങ്ങൾ, അത്യാഹിതം, പ്രായാധിക്യം തുടങ്ങിയമൂലം കിടപ്പിലായവരെ പരിചരിക്കുന്നത് സമൂഹത്തിന്റെ കടമയാണെന്ന് തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ 1992 മുതൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സാമൂഹ്യാധിഷ്ഠിത പ്രസ്ഥാനമാണ് സാന്ത്വനപരിചരണം. വൈദ്യശാസ്ത്രത്തിനും മറ്റുവിഭാഗങ്ങൾക്കും ലഘൂകരിക്കുകയോ ഭേദമാക്കുകയോ ചെയ്യാനാവാത്ത പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും അവരുടെ കുടുംബത്തിനും സാഹോദര്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആശ്വാസം നൽകുകയാണ് ലക്ഷ്യം. വേദന കുറക്കായ്ക്കാനും അണുബാധ അകറ്റാനും ശാരീരികമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ പ്രവർത്തനങ്ങളും ഇതിൽ ഉൽപ്പെടുന്നു. സർക്കാർ 2008ൽ സംസ്ഥാന പാലിയേറ്റീവ് നയം ആവിഷ്‌ക്കരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സംഭാവനയും മേൽനോട്ടവും ഉറപ്പുവരുത്തി സംസ്ഥാന വ്യാപകമായി കിടപ്പു രോഗികൾക്ക് സേവനം നൽകുന്ന നയം രാജ്യത്ത് ആദ്യത്തേതാണ്.

