കണ്ണാടിപ്പറമ്പ് ; നാറാത്ത പഞ്ചായത്തില്‍ പ്രസിഡന്റ് അടക്കമുളളവരെ ഉളളിലാക്കി യോഗഹാള്‍ പുറത്തുനിന്നു പൂട്ടി. ഭരണസമിതി യോഗത്തിനിടെ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധം സംഘര്‍ഷത്തിലും അറസ്റ്റിലും കലാശിച്ചു. 2022 ജനുവരി 13ന് ഉച്ചക്കുശേഷമാണ് പഞ്ചായത്ത് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസും മുസ്ലീം ലീഗും ആരോപിച്ചിരുന്നു. ഇന്നലെ യോഗം തുടങ്ങിയപ്പോള്‍ പ്രസിഡന്റ് കെ.രമേശന് ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് ആരോപിച്ച് സൈഫുദ്ദീന് നാരാത്ത് ,മുഹമ്മദാലി ആറാംപീടിക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് വനിത അംഗങ്ങള്‍ ഉള്‍പ്പെടെ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങുകയായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
വിവരമറിഞ്ഞ് മയ്യില്‍ പോലീസെത്തിയപ്പോഴേക്കും സമീപ പ്രദേശങ്ങളിലെ ലീഗ് ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതും സംഘര്‍ഷാവസ്ഥക്കിടയാക്കി. യുഡിഎഫ് അംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ അല്പനേരം ഉന്തും തളളും ഉണ്ടായി. പിന്നാലെ പോലീസ് പ്രതിഷേധക്കാരായ വനിത മെമ്പര്മാരുള്പ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ പ്രസിഡന്റ് അടക്കമുളളവരെ പൂട്ടിയിട്ടതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കണ്ണാടിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.

