മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമൽ ഹുദയും അയൽവാസിയായ യുവാവ് നൗഷാദും മാധ്യമങ്ങളോട് പറഞ്ഞു.
അതിര് തർക്കം ഉണ്ടായിരുന്നുവെന്നാണ് നൗഷാദ് പറഞ്ഞത്. താൻ ബൈക്കിൽ വരുമ്പോൾ ഇവർ തമ്മിലുള്ള തർക്കം നടക്കുന്നുണ്ടായിരുന്നു. ഒരു കുപ്പിയിലെ ദ്രാവകം സ്ത്രീയാണ് അദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് ഒഴിച്ചത്. പിന്നീട് തീപ്പെട്ടി ഉരച്ച് തീ കൊളുത്തിയ ശേഷം സ്ത്രീയും അവരുടെ ചെറിയ മകനും ഓടിപ്പോവുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. മൃതശരീരം സ്ഥലത്ത് നിന്ന് എടുത്തിട്ടില്ല. എന്നാൽ ആത്മഹത്യയാകാമെന്നാണ് പൊലീസ് പറയുന്നത്.
നൗഷാദിന്‍റെ മൊഴിയാണ് നിർണായകം. എന്നാൽ ഈ മൊഴി മുഖവിലയ്ക്ക് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മരിച്ചയാളുടെ ഭാര്യയെയും മകളെയും മൊഴിയെടുക്കാൻ കൊണ്ടുപോയി. വലിയ വിഷമത്തിലുള്ള സമയത്ത് ഇവരെ സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. മൃതദേഹം ഉയർന്ന ഉദ്യോഗസ്ഥരെത്താതെ സ്ഥലത്ത് നിന്ന് എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ