ഒമിക്രോണ്‍: കേരളമടക്കം 8 സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം.

ന്യൂഡല്‍ഹി ; ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളം അടക്കമുളള 8 സംസ്ഥാനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, യു.പി, കര്‍ണാടക, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളോടാണ്‌ നിര്‍ദ്ദേശം .വ്യാപനം രൂക്ഷമാണെങ്കിലും അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു. സാധാരണ ജലദോഷം പോലെ ഒമിക്രോണ്‍ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓര്‍മിപ്പിച്ചു. അതേസമയം ഒമിക്രോണ്‍ കണ്ടെത്താനുളള പുതിയ പരിശോധനാരീതി ഒമിഷുവറിന്‌ ഐസിഎംആര്‍ അനുമതി നല്‍കി.

ആവശ്യത്തിന്‌ മെഡിക്കല്‍ ഓക്‌സിജന്‍ കരുതണമെന്നും ഓക്‌സിജന്‍ ലഭ്യത 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിക്കണമെന്നും കാണിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്‌. ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണാണ്‌ ചീഫ്‌ സെക്രട്ടറിമാര്‍ക്ക്‌ കത്തയച്ചത്‌. സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

അതിനിടെ രാജ്യത്ത കോവിഡ്‌ കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്‌ കടന്നു. 1,94,720 പേര്‍ക്കാണ്‌ പുതുതായി രോഗം ബാധിച്ചിരിക്കുന്നത്‌. ആകെ 4,866 പേര്‍ക്ക്‌ ഒമിക്രോണ്‍ ബാധിച്ചു. രോഗം ബാധിച്ചുളള മരണനിരക്ക്‌ കൂടിയിട്ടുണ്ട. 24 മണിക്കൂറിനിടെ 442 പേരാണ്‌ മരണപ്പെട്ടിട്ടുളളത്‌. ടെസറ്റ്‌ പോസിറ്റിവിറ്റിനിരക്ക്‌ 11.05 ശതമാനം ആണ്‌. ഡല്‍ഹിയില്‍ പോലീസുകാര്‍ക്കിടയില്‍ കോവിഡ്‌ വ്യാപകമായി. 1700 പോലീസുകാര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. രാജ്യത്തെ കോവിഡ്‌ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →