ചണ്ഡീഗഡ്: പഞ്ചാബ് പോലീസ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കിയതും അതിനിടയാക്കിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയും ആഭ്യന്തര കലഹം മൂലം വലയുന്ന പഞ്ചാബിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കാന്‍ ചതോപാധ്യായയുടെ സ്ഥാനചലനം വഴിതെളിക്കുമെന്നാണ് സൂചന. പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തനായാണ് ചതോപാധ്യായ അറിയപ്പെടുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി ചരണ്‍ജീത് സിങ് ചന്നിയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിച്ചതു മുതല്‍ സംസ്ഥാനത്ത് പോലീസ് മേധാവിമാര്‍ക്ക് കഷ്ടകാലമാണ്.
അധികാരത്തിലെത്തിയ പിന്നാലെ അമരീന്ദറുടെ അടുപ്പക്കാരനായിരുന്ന ദിന്‍കര്‍ ഗുപ്തയെ മാറ്റി തന്റെ വിശ്വസ്തന് ഇഖ്ബാല്‍പ്രീത് സിങ് സഹോത്തയെ ചന്നി തല്‍സ്ഥാനത്തു പ്രതിഷ്ടിച്ചു. എന്നാല്‍, ഇതിനും അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ്. ഡിയോളിന്റെ നിയമനത്തിനുമെതിരേ സിദ്ദു വാളെടുത്തു. ഇരുവരെയും മാറ്റാതെ താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നു പ്രഖ്യാപിച്ചു. ഒടുവില്‍ െഹെക്കമാന്‍ഡ് ഇടപെടലില്‍ സിദ്ദുവിന്റെ വാശി ജയിച്ചു. കസേര രക്ഷിക്കാനായി വിശ്വസ്തരെ ബലികൊടുത്ത് ചന്നി കീഴടങ്ങി. സിദ്ദുവിന്റെ നോമിനിയായ സിദ്ധാര്‍ഥ് ചതോപാധ്യായയെ പോലീസ് മേധാവിയായി നിയമിച്ചു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ ചതോപാധ്യായയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നു.ആഭ്യന്തരമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെയും ഡി.ജി.പി. ചതോപാധ്യായയെയും നീക്കണമെന്നു ബി.ജെ.പി. സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും ചതോപാധ്യായയുടെ രാജിക്കായി രംഗത്തുവന്നു. തൊട്ടുപിന്നാലെ സംസ്ഥാന കാബിനറ്റ് മന്ത്രി റാണാ ഗുര്‍ജീത് സിങ്, ഫിറോസ്പുരില്നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. പര്‍മിന്ദര്‍ സിങ് പിങ്കി എന്നിവരും ചതോപാധ്യായയ്ക്കെതിരേ വെടിയുതിര്‍ത്തു. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസിലെ സിദ്ദു വിരുദ്ധര്‍ക്ക് ചതോപാധ്യയയുടെ പതനം തല്ക്കാലത്തേയ്ക്കെങ്കിലും ആഘോഷിക്കാനുള്ള വകയായി.

