ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2014ലെ പരിധിയില്‍നിന്ന് 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാല്‍, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാര്‍ട്ടികള്‍ വ്യക്തമാക്കണം.രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിലും ചെലവുപരിധി ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ചെലവ് പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ റിട്ട. ഐആര്‍എസ് ഓഫിസര്‍ ഹരീഷ് കുമാര്‍, സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. 2014ലാണ് ഇതിന് മുമ്പ് ചെലവ് പുതുക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിന് സജ്ജമാവുന്നത്.
തിരഞ്ഞെടുപ്പ് ചെലവ് പരിധി 10 ശതമാനം ഉയര്‍ത്തി കമ്മീഷന്‍
