കൊല്‍ക്കത്ത: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പരത്തുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടയ്ക്കും. ഇതോടൊപ്പം സിനിമാ ഹാളുകളും ജിമ്മുകളും നീന്തല്‍ക്കുളങ്ങളും ബ്യൂട്ടി സലൂണുകളും അടയ്ക്കാനാണ് തീരുമാനം. ഞായറാഴ്ചയാണ് സര്‍ക്കാര്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലെ ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം അതിവേഗം ഉയരുകയാണ്. പ്രതിദിന കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിന് പുറമേയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇന്നലെ 4,512 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 13,300 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയ്ക്കും കേരളത്തിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കേസാണിത്. ഇതിന് പുറമെയാണ് 20 ഒമിക്രോണ്‍ കേസുകള്‍കൂടി ബംഗാളിലും റിപോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ സാന്നിധ്യമാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടാവാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി യുകെയില്‍നിന്നുള്ള നേരിട്ടുള്ള ഫ്ളൈറ്റുകള്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.