മുംബൈ:മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 5,368 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ വകഭേദം അതീവ പ്രസരണശേഷിയുള്ളതാണെന്നാണ് നിഗമനം. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 3,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ള നഗരവും മുംബൈയാണ്. മുംബൈയില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് അഞ്ചിരട്ടിയാണ് കൊവിഡ് കേസുകളിലുണ്ടായ വര്‍ധന.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പുതിയ വ്യാപനത്തിനു പിന്നില്‍ ഒമിക്രോണാണെന്നാണ് കരുതുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്, 66,65,386 പേര്‍. ഇതുവരെ മഹാരാഷ്ട്രയില്‍ 450 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. ഇന്ത്യയില്‍ 960 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.

