കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം- മന്ത്രി ജി.ആര്‍.അനില്‍

കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകണമെന്നും റേഷന്‍ കടകളുടെ മുഖച്ഛായ മാറണമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റേഷന്‍ കടകള്‍ നവീകരിക്കപ്പെടണം. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മയ്‌ക്കൊപ്പം വിതരണ കേന്ദ്രത്തിന്റെ ഗുണമേന്‍മയും ഉറപ്പുവരുത്തണം. കേരളത്തിലെ പൊതുവിതരണ രംഗത്തെ പലവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമമാണ് പൊതുവിതരണ വകുപ്പ് നടത്തുന്നത്. വകുപ്പിന്റെ ഏതെങ്കിലുമൊരു ഓഫീസില്‍ എത്തുന്ന കാര്‍ഡുടമകള്‍ക്ക് വ്യക്തമായ മറുപടികള്‍ ലഭ്യമാക്കണം. അതിനായി എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

അനര്‍ഹമായി കൈവശം വെക്കുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള നടപടിയിലൂടെ 1.62 ലക്ഷം കാര്‍ഡുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയും കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേരളത്തില്‍ 43 ശതമാനം പേര്‍ക്കാണ് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ളത്. ഇങ്ങനെ അര്‍ഹരായവര്‍ പുറത്താകാന്‍ പാടില്ല. മുന്‍ഗണനാ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്.

ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്. ഇതിന്റെ ആദ്യപടിയാണ് റേഷന്‍ കാര്‍ഡുകളിലെ ശുദ്ധീകരണം. കാര്‍ഡുകളിലെ പോരായ്മ പരിഹരിക്കാനും കാര്‍ഡുടമകള്‍ക്ക് അവസരം നല്‍കി. സംസ്ഥാനത്തെ 1500ലധികം റേഷന്‍ കടകള്‍ താത്കാലികമായി സസ്‌പെന്റ് ചെയ്ത് മറ്റു കടകളുമായി കൂട്ടിച്ചേര്‍ത്തതും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് പൂര്‍ത്തിയാകുന്നതോടെ ഓരോ റേഷന്‍ കടയും സ്വതന്ത്രമാകും. ലൈസന്‍സികള്‍ പൊതുവിതരണ വകുപ്പിന്റെ പ്രധാന കണ്ണിയാണെന്നും അവരുടെ  ആശങ്കകള്‍ പരിഹരിക്കുെമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടയുടമകളും വകുപ്പും പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും കാര്‍ഡുടമകള്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്നും മന്ത്രി ജി.ആര്‍.അനില്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സംസാരിച്ചു. റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ മനോജ് കുമാര്‍ കെ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍കുമാര്‍ കെ.പി നന്ദിയും പറഞ്ഞു.

“പൊതുവിതരണ വകുപ്പിന്റെ ഓഫീസുകളാണ് റേഷന്‍ കടകള്‍”

ഓരോ പ്രദേശത്തെയും റേഷന്‍ കടകള്‍ ഒരു പൊതുവിതരണ കേന്ദ്രമെന്നതിനപ്പുറം വകുപ്പിന്റെ താഴെത്തട്ടിലെ ഓഫീസുകളാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പൊതുവിതരണ വകുപ്പിനും റേഷന്‍ കടകള്‍ക്കുമിടയില്‍ ഒരു ബാഹ്യശക്തികളുടെയും ഇടപെടല്‍ ആവശ്യമില്ല. പുതുതായി 599 റേഷന്‍ കടകളുടെ വിജ്ഞാപനമിറങ്ങിയെന്നും താത്കാലികമായി റദ്ദ് ചെയ്യപ്പെട്ട 686 കടകളുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതോടെ റേഷന്‍ മേഖലയില്‍ പുതുതായി 1285 കടകള്‍ വരും. ജനവരിയില്‍ റേഷന്‍ കാര്‍ഡുകളുടെ ആധാര്‍ ലിങ്കിങ് നൂറ് ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →