കൊച്ചി: പറവൂർ ∙ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു – 25) പൊലീസ് ഉറപ്പിച്ചു. സഹോദരി ജിത്തുവിനെ (22) കണ്ടെത്താനായില്ല. വിസ്മയയുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 2021 ഡിസംബർ 28 ചൊവ്വാഴ്ചവൈകിട്ടു മൂന്നു മണിയോടെയാണു തീപിടിച്ചത്. ശിവാനന്ദന്റെ മക്കളാണു വിസ്മയയും ജിത്തുവും.
തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞിരുന്നു. മാലയിലെ ലോക്കറ്റ് കണ്ട് മരിച്ചതു വിസ്മയയാണെന്നു മാതാപിതാക്കൾ മൊഴി നൽകിയിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ഇവരുടെ വീട്ടിൽ നിന്നു നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി.മാധവൻ റോഡിലൂടെ ചൊവ്വാഴ്ച സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.
ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും അതിലെ പെൺകുട്ടി ജിത്തുവാണെന്നു മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടി ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് അവർ പൊലീസിനോടു പറഞ്ഞു. 22നും 30നും മധ്യേ പ്രായമുള്ള പെൺകുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാൽ, വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

