പാരീസ്: അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും കോവിഡ് കേസുകള്‍ പുതിയ ഉയരത്തില്‍. പരിശോധന കേന്ദ്രങ്ങള്‍ കൂട്ടിയും വര്‍ക്ക് ഫ്രം ഹോമിലേക്കു മടങ്ങിയും ലോകരാജ്യങ്ങള്‍. ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കി.
ഒരാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ രോഗികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം കോവിഡ് സുനാമിക്കു വഴിവച്ചേക്കാം. ഇത് ആരോഗ്യസംവിധാനങ്ങളെ സമ്മര്‍ത്തിലാക്കിയേക്കാമെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.കൂടുതല്‍ കടുത്ത ക്വാറെന്റെന്‍ നിബന്ധനകളിലേക്കു രാജ്യങ്ങളെ തള്ളിവിടും വിധമാണ് കോവിഡ് കേസുകളുടെ അതിവ്യാപനം. പല രാജ്യങ്ങളിലും ആശുപത്രികള്‍ നിറയുന്ന സ്ഥിതിയാണ്. ജോലിക്കാര്‍ ക്വാറെന്റെനില്‍ കഴിയുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും താളംതെറ്റി.
യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ ചൊവ്വാഴ്ച റെക്കോഡ് നിലയിലായിരുന്നു കോവിഡ് കേസുകള്‍. ഏഴു ദിവസത്തെ ഇടവേളയിലാണ് അമേരിക്കയില്‍ കേസുകള്‍ പെരുകിയത്.ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 2.08 ലക്ഷം പേര്‍ െവെറസ്ബാധിതരായി. ബ്രിട്ടനില്‍ ഇന്നലെ 1.29 ലക്ഷം പേര്‍ക്കും സ്പെയിനില്‍ 99,671 പേര്‍ക്കും ഇറ്റലിയില്‍ 78,313 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പട്ടികയില്‍ 3.13 ലക്ഷം രോഗികളുമായി യു.എസാണു മുന്നില്‍.അതേ സമയം, ഒമിക്രോണ്‍ ബാധയുടെ കേന്ദ്രമായി കരുതുന്ന ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ചു കേസുകള്‍ 38 ശതമാനമാണു കുറഞ്ഞത്.
ഓസ്ട്രേലിയയില്‍ 18,300 കേസുകള്‍ വരെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് കേസുകള്‍ ഇരട്ടിയായി. ചൊവ്വാഴ്ച 78,313 ആയിരുന്നു കേസുകള്‍. ക്വാറെന്റെന്‍ നിബന്ധനകളില്‍ ഇളവുവരുത്തിയില്ലെങ്കില്‍ രാജ്യം സ്തംഭനത്തിലേക്കു പോകുമെന്ന അനുമാനങ്ങള്‍ക്കിടെയാണിത്. അതേസമയം, ചൈനയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. സിയാന്‍ നഗരത്തില്‍ ഏഴുദിവസമായി തുടരുന്ന കടുത്ത ലോക്ക്ഡൗണില്‍ 13 ദശലക്ഷം പേരാണ് കുടുങ്ങിയിരിക്കുന്നത്.

