കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അവലോകനയോഗം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. മണ്ഡലത്തിലെ റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിലവിലെ അവസ്ഥ, നിര്‍മാണ പുരോഗതി, പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിയോജകമണ്ഡലതല നിരീക്ഷണ സമിതികള്‍ നിലവില്‍ വരുന്നതോടെ ഓരോ മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ചുമതല വ്യക്തിപരമായി ഏറ്റെടുക്കേണ്ട അവസ്ഥ വരും. പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്താണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക. നിലവിലെ ഔദ്യോഗിക ചുമതലകള്‍ക്കു പുറമേയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണ സമിതിയിലെ ചുമതലകള്‍ വഹിക്കുക.
യഥാസമയത്ത് റോഡ് ടാറിങ് അടക്കമുള്ള പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു. ബേപ്പൂരിലെ ഓരോ ഡിവിഷനുകളിലുമുള്ള പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതോടെ റെസ്റ്റ് ഹൗസുകള്‍ ജനകീയമായി. റെസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് റസ്റ്റ് ഹൗസിന്റെ നവീകരണം സംസ്ഥാനത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകാഗ്രാമമായി ബേപ്പൂരിനെ മാറ്റാനുണ്ട്. ബേപ്പൂരിലെ പാലങ്ങളുടെ വൈദ്യുതീകരണവും സൗന്ദര്യവല്‍കരണവും നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

