തിരുവനന്തപുരം∙ ബിജെപി ഭരണകൂടം കോൺഗ്രസിനെ തമസ്‌കരിച്ചു ചരിത്ര രേഖകൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്കു പകർന്നു നൽകാനുള്ള ദൗത്യം ഓരോ പ്രവർത്തകനും ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കെപിസിസി ആസ്ഥാനത്തു നടന്ന കോൺഗ്രസിന്റെ 137–ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവർത്തകനും കോൺഗ്രസിന്റെ ജിഹ്വകളായി മാറണം. തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതൽ കരുത്താർജിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയെ കരുത്തുറ്റ മതേതര ജനാധിപത്യ രാജ്യമാക്കിയ മേൻമ അവകാശപ്പെടാൻ കഴിയുന്ന ഏക പ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
രാജ്യത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിനു മാത്രമെ സാധിക്കൂയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയുടെ എതിരാളി കോൺഗ്രസ് മാത്രമാണ്. കേരളത്തിൽ മാത്രമായി ചുരുങ്ങിയ സിപിഎമ്മിനു ബിജെപിയെ നേരിടാൻ ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു..കോൺഗ്രസിന്റെ 137–ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നിർവഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകി.
ലോകത്തിന്റെ ഏതു കോണിലിരുന്നും കോൺഗ്രസിനെ സ്‌നേഹിക്കുന്ന പ്രവർത്തകർക്ക് ഈ സ്‌നേഹോപഹാരം സമ്മാനിക്കാൻ കഴിയും വിധമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ വഴിയോ മറ്റു സമാന ഡിജിറ്റൽ പേയ്‌മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാവുന്നതാണ്. മിനിമം 137 രൂപയാണെങ്കിലും അതിനു മുകളിൽ എത്ര വേണമെങ്കിലും സംഭാവന നൽകാം.’