കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏത് വി.ഐ.പി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ല. ഷെഡ്ഡുണ്ടാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നാണ് കരാറുകാരന്‍ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്‌റൂമില്‍ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വിദ്വാന്‍മാര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നത്. എന്നിട്ട് ഇവര്‍ പേടിപ്പിക്കുകയാണ് നമ്മളെ’ എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

