കൊച്ചി: ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം കണ്ടെത്തിയിരുന്നു.
ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഇതാവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ശന പരിശോധനക്ക് ഡി.ജി.പി എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ പൊലീസ് നിരീക്ഷണം ഉണ്ടാകണം.
ഡിജെ പാര്‍ട്ടിയെ പറ്റി ഹോട്ടലുകള്‍ പരസ്യം നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലുകളില്‍ പാര്‍ട്ടി നടത്തിപ്പിനെപ്പറ്റിയുള്ള പൊലീസ് മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസുകള്‍ നല്‍കുകയാണ്. പാര്‍ട്ടി എത്ര മണിക്ക് തുടങ്ങിയാലും പത്തു മണിക്ക് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവക്കും. പാര്‍ട്ടി നടക്കുന്ന വേദിയില്‍ സിസി ടിവി പ്രവര്‍ത്തനം ഉറപ്പാക്കണം. ദൃശ്യങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കണം. പൊലീസ് ഏതുസമയത്ത് ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ കൈമാറണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.