പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ സമനില. ജംഷഡ്പുര്‍ എഫ്.സിക്കെതിരേ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് എട്ട് കളികളില്‍നിന്നു 13 പോയിന്റുമായി മൂന്നാമതു നില്‍ക്കുകയാണ്. 13 പോയിന്റ് തന്നെയുള്ള ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.ഏഴ് കളികളില്‍നിന്നു 15 പോയിന്റുള്ള മുംബൈ സിറ്റിയാണ് ഒന്നാമത്. മികച്ച പ്രകടനം കാഴ്ചവച്ചങ്കിലും ഗോളടിക്കാനാകാത്തതു നിരാശപ്പെടുത്തിയെന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് ഐവാന്‍ വുകോമാനോവിച് പറഞ്ഞു. റഫറി ഒരു പെനാല്‍റ്റി നിഷേധിച്ചില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാമായിരുന്നു. ഇരു ടീമുകളും ആക്രമിച്ചാണു കളിച്ചത്. പാസിങ്ങിലെ പിഴവുകള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. 14-ാം മിനിറ്റില്‍ ലഭിച്ച ഒരു ഫ്രീകിക്കില്‍നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ട് ജംഷഡ്പൂരിന് ലീഡ് നല്‍കി. പ്രതീക്ഷിക്കാത്ത ആങ്കിളില്‍നിന്ന് ബെന്‍ഡ് കിക്കുലൂടെയാണ്‌ള സ്റ്റുവര്‍ട്ട് പന്ത് വലയിലെത്തിച്ചത്.
27-ാം മിനിറ്റില്‍ മൈതാന മധ്യത്തുനിന്നു പന്ത് സ്വീകരിച്ച് മുന്നേറിയ ആല്‍വാരോ വാസ്‌കസ് ഒറ്റയ്ക്ക് കുതിച്ചു. പെനാല്‍റ്റി ബോക്സിന് തൊട്ടു മുമ്പില്‍വച്ച് വാസ്‌കസ് തൊടുത്ത ഇടം കാലന്‍ ഷോട്ട് മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ് തടഞ്ഞു. റീബൗണ്ടിലൂടെ സഹല്‍ അബ്ദുള്‍ സഹദ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. സഹലിന്റെ എട്ടാം സീസണിലെ നാലാം ഗോളായിരുന്നു അത്. 37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു ലഭിക്കേണ്ട പെനാല്‍റ്റി റഫറി നിഷേധിച്ചു. വാസ്‌കസിന്റെ ഒരു ക്രോസ് ജംഷഡ്പൂര്‍ താരത്തിന്റെ കൈയില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി നിഷേധിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴിന് അവസരം ലഭിച്ചു. പീറ്റര്‍ ഹാര്‍ട്ലിയുടെ പിഴവില്‍നിന്നു കിട്ടിയ അവസരം ഒരു ചിപ്പിലൂടെ വലയില്‍ എത്തിക്കാന്‍ വാസ്‌കസ് നടത്തിയ ശ്രമം ബാറില്‍ തട്ടി മടങ്ങി. അഡ്രിയാന്‍ ലൂണ പരുക്കേറ്റ് പുറത്തു പോയതു ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. 84-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ഗില്‍ രക്ഷപ്പെടുത്തി.

