കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം 1-0 ത്തിനു ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ചു.16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഷരീഫ് മുഹമ്മദാണു ഗോകുലത്തെ ജയിപ്പിച്ചത്. വലിയ എതിരാളികളെത്തന്നെ ആദ്യ മത്സരത്തില്‍ തോല്‍പ്പിക്കാനായത് ഗോകുലത്തിന് വലിയ ഊര്‍ജമാകും. റൊണാള്‍ഡ് സിങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണു നായകന് കൂടിയായ മുഹമ്മദ് വലയിലെത്തിച്ചത്.ഒന്നാം പകുതിയില്‍ ഗോകുലം ഗോള്‍ കീപ്പര്‍ രക്ഷിതിന്റെ രണ്ട് മികച്ച സേവുകളും പിറന്നു. എമില്‍ ബെന്നിയിലൂടെ ഗോകുലം രണ്ടാം ഗോളിന് അടുത്തെത്തിയെങ്കിലും ക്രോസ്ബാര്‍ തടസമായി. 68-ാം മിനിറ്റില്‍ സമാനിലൂടെയും ഗോകുലം ഗോളിനടുത്തെത്തി.സമാന്റെ ഹെഡര്‍ ചര്‍ച്ചില്‍ ഗോള്‍ കീപ്പര്‍ ഷില്‍ട്ടണ്‍ പോള്‍ ഡൈവിങ് ചെയ്തു തട്ടിയകറ്റി.
ഗോകുലത്തിന്റെ അടുത്ത മത്സരം 30 നു നെരോകയ്ക്കെതിരേയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിന്റെ യുവനിര ട്രാവുവിനെ സമനിലയില്‍ തളച്ചു. മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ആരോസ് ട്രാവു പ്രതിരോധത്തിനു വെല്ലുവിളികള്‍ നല്‍കിയെങ്കിലും ഗോളടിക്കാനായില്ല. അവസാന നിമിഷത്തില്‍ ആരോസിന്റെ സജാദ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.

