ന്യൂഡല്‍ഹി: ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ രോഗികളില്‍ 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒമിക്രോണ്‍ രോഗം ഗുരുതരമായ തലത്തിലേക്ക് വളരാനുള്ള സാധ്യത തുലോം കുറവാണെന്നാണ് പൊതുവെ കരുതുന്നത്. ഇന്ത്യയുടെ അനുഭവവും അതാണ്. ഇന്ത്യയില്‍ മൂന്നിലൊന്ന് രോഗബാധിതരും ചെറിയ രോഗലക്ഷണങ്ങളുള്ളവരാണ്. ബാക്കിയുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല. ഒമിക്രോണ്‍ രോഗത്തിന്റെ ചികില്‍സാ പ്രോട്ടോകോളില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഡല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വീടുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി കെ പോള്‍ പറഞ്ഞു. മാസ്‌ക് ധരിക്കാതെ പുറത്തുപോകുന്നവര്‍ രോഗം കുടുംബാംഗങ്ങള്‍ക്ക് പകരാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. ഒമിക്രോണ്‍ കൂടുതല്‍ ഗുരുതരമാണ്. അത് നാം മനസ്സില്‍ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴും ഇന്ത്യയില്‍ ഡല്‍റ്റാ വകഭേദമാണ് കൂടുതല്‍ പേര്‍ക്കും രോഗമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തന്ത്രത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. വാക്സിന്‍ വിതരണം വര്‍ധിക്കുന്നത് ഗുണം ചെയ്യും. പുതുവര്‍ഷാഘോഷം പോലുള്ള ഉല്‍സവങ്ങല്‍ രാജ്യത്താകമാനം ധാരാളം നടക്കുന്ന കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നാണ് നീതി ആയോഗിന്റെ ഉപദേശം. മാസ്‌കുകള്‍ ധരിക്കണം, കൈകള്‍ ശുചിയാക്കണം, കൂട്ടംകൂടരുത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒരു കാരണവശാലും പാടില്ല. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നിരീക്ഷണവും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.