സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും: മന്ത്രി കെ.എൻ. ബാലഗോപാൽ

പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) നിലവിൽ 4,500 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെ.എഫ്.സിക്കു കഴിയണം. ഇതിനായി കൂടുതൽ നൂതന പദ്ധതികൾ കെ.എഫ്.സി. ആവിഷ്‌കരിക്കണം. കാർഷികോത്പാദന രംഗത്തും നിർമാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മ-ചെറുകിട യന്ത്രങ്ങൾ നിർമിക്കുന്ന വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങൾക്കു കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്ഥയിലും വായ്പ ലഭ്യമാക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണു മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതു പ്രകാരം സംരംഭകർക്ക് ഒരു കോടി രൂപ വരെ അഞ്ചു ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എഫ്.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗൾ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.എഫ്.സി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം