ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു.പിയില്‍ രാഷ്ട്രീയ ഗോദ ഉണര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാജഹാന്‍പുരിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും അമേത്തിയിലും അഖിലേഷ് യാദവ് റായ്ബറേലിയിലും പൊതുപരിപാടികളില്‍ സംബന്ധിച്ചു. അഖിലേഷിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധനകൂടി നടത്തിയതോടെ ആരോപണപ്രത്യാരോപണങ്ങളും കളംനിറഞ്ഞു.594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിടല്‍ ചടങ്ങിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാജഹാന്‍പുരിലെത്തിയത്. ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കാനും അദ്ദേഹം മടിച്ചില്ല. ”ഇപ്പോള്‍ മാഫിയകള്‍ക്കു ബുള്‍ഡോസറുകളെ നേരിടേണ്ടിവരുന്നു. നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഇല്ലാതാക്കുന്നു.
വേദനിക്കുന്നതു മാഫിയകളെ വളര്‍ത്തിയവര്‍ക്കാണ്. അതുകൊണ്ടാണ് ജനം പറയുന്നത് യു.പിയും യോഗിയും ചേര്‍ന്നാല്‍ ഉപയോഗി ആണെന്ന് (ഉപകാരമുള്ളത്)”-മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സാക്ഷിയാക്കി പ്രധാനമന്ത്രി പറഞ്ഞു. 36,230 കോടി രൂപ ചെലവ് വരുന്ന ആറു വരിപാത ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയി മാറും. മീററ്റിലെ ബിജൗലിക്ക് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്രാജിലെ ജുദാപൂര്‍ ദണ്ഡുവിന് സമീപം വരെ നീളും. എക്സ്പ്രസ് വേയ്ക്കൊപ്പം ഒരു വ്യവസായ ഇടനാഴിയും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം രണ്ടാം വട്ടമായിരുന്നു പഴയ തട്ടകമായ അമേത്തിയിലേക്ക് രാഹുല്‍ എത്തിയത്. ഒപ്പം സഹോദരി പ്രിയങ്കയുമുണ്ട്. ”ജനമനസുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്. നമ്മള്‍ എല്ലാവരും അനീതിക്കെതിരേ ഉറച്ചു നില്‍ക്കുന്ന ആളുകളാണ്.
2004 ലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അമേത്തിയിലാണ്. ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളാണ് എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത്, എല്ലാവരോടും നന്ദി പറയുന്നു”- കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തു രാഹുല്‍ പറഞ്ഞു. 15 വര്‍ഷം അമേത്തിയെ പ്രതിനിധീകരിച്ച രാഹുല്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,120 വോട്ടിനാണ് പരാജയപ്പെട്ടത്. യു.പിയില്‍ കോണ്‍ഗ്രസിന്റെ അവസാന കച്ചിത്തുരുമ്പായ റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം എത്തിയതാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.ഇതിനിടെയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളുടേയും അനുഭാവികളുടേയും വീടുകളില്‍ ഇന്നലെ രാവിലെ മുതല്‍ ആദായനികുതി വകുപ്പ് പരിശോധനകള്‍ ആരംഭിച്ചത്. പാര്‍ട്ടി നേതാക്കാളയ രാജീവ് റായ്, മനോജ് യാദവ്, അഖിലേഷിന്റെ പേഴ്സണല്‍ സെക്രട്ടറി െജെനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഗ്രൂപ്പിന്റെ ഉടമയാണ് രാജീവ് റായ്. ആര്‍.സി.എല്‍. ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പ്രമോട്ടര്‍ മനോജ് യാദവും അഖിലേഷിന്റെ അടുപ്പക്കാരനാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിച്ചതാണെന്നും സി.ബി.ഐയും എന്‍ഫോഴ്സ്മെന്റുമെല്ലാം വരാനിരിക്കുന്നതേയുള്ളൂവെന്നും അഖിലേഷ് യാദവ് ഇതിനോട് പ്രതികരിച്ചു.



