കോഴിക്കോട്: ഉടമയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപ വിലവരുന്ന 10 ടൺ വാർക്ക കമ്പി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ ‘ കണ്ണൂർ താവക്കര,സമീർ കോട്ടേജ് ദിജിൽ സൂരജിനെ (34) ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി, കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും എഞ്ചിനീയർ ആണെന്ന് പറഞ്ഞു വർക്ക് സൈറ്റിലേക്ക് 10 ടൺ കമ്പിക്ക് ഓർഡർ നൽകുകയായിരുന്നു. 2021 നവംബർ 27 നാണ് സംഭവം.
പിറ്റേന്ന് രാവിലെ അണ്ടോണ എന്ന സ്ഥലത്തു നിർമാണം നടക്കുന്ന ഒരു വീടിനു സമീപം റോഡാരുകിൽ കടയുടമ ഇറക്കിയ കമ്പികൾ അന്ന് രാത്രി 12 മണിയോടെ മറ്റൊരു ലോറിയിൽ ഇയാൾ കടത്തികൊണ്ട് പോകുകയായിരുന്നു.
രാവിലെ സൈറ്റിലെത്തിയ കടയുടമ കമ്പി കാണാതായതിനെ തുടർന്ന് കേസ് നൽകുകയായിരുന്നു. കടയുടമക്ക് വണ്ടിചെക്ക് നൽകി മുങ്ങിയ ഇയാളെ കോട്ടക്കൽ ലോഡ്ജിൽ വെച്ചാണ് പോലീസ് പിടികൂടിയത്. രാത്രിയിൽ കടത്തികൊണ്ടുപോയ കമ്പി വയനാട് കോട്ടത്തറ ഇറക്കിയ ശേഷം വയനാട്ടിലുള്ള മറ്റൊരു കടയിൽ വില കുറച്ചു വിൽക്കുകയായിരുന്നു.
വില്പന നടത്തിയ 9 ടാണ്ണോളം കമ്പി കണ്ടെടുത്തു. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. സ്മാർട്ട് ബിൽഡേഴ്സ് എന്ന പേരിൽ വ്യാജ സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് സഹായിച്ചവരെയും പോലീസ് അന്വേഷിക്കുയാണ്. താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ അഗസ്റ്റിൻ, എസ്.ഐ. മാരായ വിനോദ് ചെറൂപ്പ, രാജീവ്ബാബു, സുരേഷ്. വി.കെ, ബിജു. പി, മണിലാൽ എന്നിവരാണ് കേസന്വേഷണം നടത്തിയത്

