കെ- റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട യുഡിഎഫ് എംപിമാരുമായി കേന്ദ്രമന്ത്രി ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതി കേരളത്തിനു വലിയ ബാധ്യതയാകുമെന്നും പദ്ധതിക്കു കാരണവശാലും അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയ എം.പിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു ചര്‍ച്ച നടത്തും. ശശി തരൂര്‍ ഒഴികെയുള്ള 18 യു.ഡി.എഫ്. അംഗങ്ങളും പുതുച്ചേരിയില്‍നിന്നുള്ള വി. വൈദ്യലിംഗവുമാണു നിവേദനം നല്‍കിയത്. ഉച്ചകഴിഞ്ഞു മൂന്നിനാണു ചര്‍ച്ച.63,9,41 കോടിയുടെ പദ്ധതി സംസ്ഥാനത്തിനു താങ്ങാനാവില്ല. 36,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. സ്‌കൂളുകളും ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. മെട്രോമാന്‍ ഇ. ശ്രീധരനടക്കമുള്ള വിദഗ്ധര്‍ പദ്ധതിക്കെതിരാണ്. സംസ്ഥാനത്തിന്റെ പരിസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കും കെ-റെയില്‍ പദ്ധതി അനുയോജ്യമല്ല. റെയില്‍വേ, ധന മന്ത്രാലയങ്ങളുടെയും നിതി ആയോഗിന്റെയും അനുമതിയില്ലാതെ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ദുരുദ്ദേശപരമാണെന്നും സ്ഥലമെടുപ്പിനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു. അതേസമയം, പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ടെന്നും അതിന് ശേഷമേ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ സാധിക്കൂ എന്നും ശശി തരൂര്‍ അറിയിച്ചു. നിവേദനത്തില്‍ ഒപ്പുവയ്ക്കാതിരുന്നതിനെ കെ-റെയിലിനെ അനുകൂലമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →